Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖം രക്ഷിക്കാൻ...

മുഖം രക്ഷിക്കാൻ കേന്ദ്രം, സി.ബി.എസ്.ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി; വീഴ്ച അന്വേഷിക്കും

text_fields
bookmark_border
CBSE
cancel

ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ മുഖം രക്ഷിക്കാനുള്ള നടപടിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ പരീക്ഷാ ബോർഡിന്റെ വിശ്വാസ്യതക്ക് മങ്ങലേൽപിച്ച സംഭവത്തിൽ സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ മാത്രം സ്ഥാനത്തുനിന്നും മാറ്റി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെയാണ് സി.ബി.എസ്.ഇ തലപ്പത്തുള്ള രണ്ടു പേർക്കെതിരെ മാത്രം നടപടി.

പുതിയ ചെയർമാനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രശാന്ത് സീതാറാം ലോഖണ്ഡെയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായ വരുൺ ഭരദ്വാജിനെ സെക്രട്ടറിയായും നിയമിച്ചിച്ചു.

അതേസമയം, വിവാദങ്ങൾക്ക് വഴിവെച്ച പുതിയ ഡിജിറ്റൽ മൂല്യനിർണയ രീതി ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ സേവനങ്ങൾക്കായി വിവാദ കമ്പനിയുമായുള്ള കരാറിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഏകാംഗ അന്വേഷണ കമീഷനെ നിയോഗിച്ചു. കപ്പാസിറ്റി ബിൽഡിങ് കമീഷൻ അധ്യക്ഷയായ എസ്. രാധാ ചൗഹാനാണ് അന്വേഷിക്കുക. മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായം തേടാൻ കമീഷന് അധികാരമുണ്ട്. ഒരു മാസത്തിനകം സമിതി ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സനൽ ആൻഡ് ട്രെയിനിങ്ങിന് റിപ്പോർട്ട് സമർപ്പിക്കണം.

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കിയുള്ള നടപടി ദേശീയതലത്തിൽ വലിയ വിവാദമായതോടെ, കോൺഗ്രസ് എം.പി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ പാർലമെന്ററി വിദ്യാഭ്യാസ സമിതി ചൊവ്വാഴ്ച രാവിലെ സി.ബി.എസ്.ഇയിലെയും സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചെയർമാനെയും സെക്രട്ടറിയെയും മാറ്റിക്കൊണ്ടുള്ള നടപടിയിലേക്ക് കേന്ദ്ര സർക്കാർ കടന്നത്. വിഷയത്തിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടന ചൊവ്വാഴ്ച ഡൽഹി ഹൈകോടതിയെ സമീപിച്ചു.

മാറാതെ സാങ്കേതിക തകരാറുകൾ

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ സി.ബി.എസ്.ഇ 12ാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള ഓൺലൈൻ പോർട്ടൽ ചൊവ്വാഴ്ച തുറന്നെങ്കിലും സാങ്കേതിക തകരാറുകൾ വിദ്യാർഥികളെ കടുത്ത ദുരിതത്തിലാക്കി. ആദ്യം മേയ് 29നും പിന്നീട് ജൂൺ ഒന്നിനും തുറക്കുമെന്ന് അറിയിച്ചിരുന്ന പോർട്ടൽ, ഒടുവിൽ ചൊവ്വാഴ്ച പുലർച്ച 4.42നാണ് പ്രവർത്തനസജ്ജമായത്. എന്നാൽ, രാവിലെ മുതൽ അപേക്ഷിക്കാൻ ശ്രമിച്ച വിദ്യാർഥികൾ ലോഗിൻ ചെയ്യാനാകാതെ കടുത്ത പ്രതിസന്ധി നേരിട്ടു.

ലോഗിൻ വിവരങ്ങൾ നൽകിയ ശേഷവും വെരിഫിക്കേഷൻ പരാജയപ്പെട്ടു, വിവരങ്ങൾ വീണ്ടും പരിശോധിക്കുക തുടങ്ങിയ സന്ദേശമാണ് കാണിക്കുന്നതെന്ന് വിദ്യാർഥികൾ സ്ക്രീൻഷോട്ടുകൾ സഹിതം പരാതിപ്പെട്ടു. പുലർച്ച അഞ്ചുമണി മുതൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെയും ടാഗ് ചെയ്തുകൊണ്ട് തങ്ങളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആദ്യഘട്ടത്തിലുണ്ടായിരുന്ന ചില പ്രശ്നങ്ങൾ പരിഹരിച്ചെന്നും നിലവിൽ പ്രവർത്തനം സുഗമമാണെന്നും ബോർഡ് അവകാശപ്പെട്ടു.

Show Full Article
TAGS:CBSE cbse exam 
News Summary - CBSE chairman, secretary transferred
Next Story