‘ഖനനത്തിന് നാട്ടുകാരുടെ അനുമതി വേണ്ട’ തന്ത്രപ്രധാന മേഖലകളിൽ ഇളവുമായി പരിസ്ഥിതി മന്ത്രാലയം
text_fieldsന്യൂഡൽഹി: തന്ത്രപ്രധാനമായ മേഖലകളിൽ ഖനനപദ്ധതികൾക്ക് പൊതുജനാഭിപ്രായം തേടുന്നതിൽ ഇളവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ആണവധാതുക്കൾ, തന്ത്രപ്രധാനമായതും നിർണായകമായതുമായ ധാതുക്കൾ എന്നിവയുടെ ഖനന പ്രവർത്തനങ്ങൾക്ക് ഇത്തരത്തിൽ ഇളവനുവദിച്ചതായി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
രാജ്യത്തിന്റെ സുരക്ഷ, പ്രതിരോധ ആവശ്യങ്ങളും നയപരമായ താത്പര്യങ്ങളും കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു. പ്രതിരോധ മന്ത്രാലയത്തിൻറെയും ആണവോർജ്ജ വകുപ്പിന്റെയും (ഡി.എ.ഇ) ആവശ്യം പരിഗണിച്ചാണ് നടപടി.
എങ്കിലും, ഇളവ് നേടുന്നതിന് മുമ്പായി ഇത്തരം പദ്ധതികൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദരെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ രൂപീകരിക്കുന്ന സമിതിയിൽ നിന്ന് അനുമതി തേടേണ്ടിവരും. പദ്ധതിയുടെ വലിപ്പമോ, വ്യാപ്തിയോ ഇതിന് മാനദണ്ഡമാവില്ലെന്നും സമാനമായ എല്ലാ പദ്ധതികൾക്കും ഇത്തരത്തിൽ അനുമതി തേടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
2006 ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) വിജ്ഞാപനത്തിലെ വ്യവസ്ഥകളും ഭേദഗതികളും അനുസരിച്ചാണ് നടപടിയെന്ന് വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് നാലിനാണ് പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന അപൂർവ ഭൗമ മൂലകങ്ങളുടെ ഖനനത്തിൽ ഇളവുകൾ തേടി പ്രതിരോധ മന്ത്രാലയം പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകിയത്. വിരളമായതുകൊണ്ടും അന്താരാഷ്ട്ര തലത്തിൽ വലിയ ക്ഷാമം നേരിടുന്നത് കൊണ്ടും ഇത്തരം ഘനനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇത്തരം മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടത് പ്രതിരോധ മേഖലയിൽ നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഓഗസ്റ്റ് 29-ന് അയച്ച കത്തിൽ, കടൽത്തീരങ്ങളിലെ മണലിൽ അടങ്ങിയ മോണസൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കുന്ന തോറിയം, മൂന്നാം ഘട്ട ആണവോർജ്ജ പരിപാടിയിലെ ഇന്ധന സ്രോതസ്സാണെന്ന് ഡി.എ.ഇ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യകതയനുസരിച്ച് കൂടുതൽ മേഖലകളിൽ യുറേനിയം ഉൾപ്പെടെ ധാതുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം ഉളവ് തേടിയിരുന്നത്.