Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശിലേക്ക്...

ബംഗ്ലാദേശിലേക്ക് തള്ളിയവരുടെ പൗരത്വം പരിശോധിക്കാമെന്ന് കേന്ദ്രം

text_fields
bookmark_border
ബംഗ്ലാദേശിലേക്ക് തള്ളിയവരുടെ പൗരത്വം പരിശോധിക്കാമെന്ന് കേന്ദ്രം
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ബംഗാൾ ഭാഷ സംസാരിക്കുന്ന നിരവധി പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടി ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സംഭവത്തിൽ ഏതാനും പേരെ തിരികെ കൊണ്ടുവന്ന് അവരുടെ പൗരത്വം പരിശോധിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഉറപ്പുനൽകി. പൗരത്വ പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രമാകും ഇവർക്ക് ഇന്ത്യയിൽ തുടരാൻ അനുവാദമുണ്ടോ എന്ന് തീരുമാനിക്കുകയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഒമ്പത് മാസം ഗർഭിണിയായ ബംഗാൾ ബീർഭൂം സ്വദേശി സൊനാലി ഖാത്തൂൻ ഉൾപ്പെടെയുള്ളവരെ അതിർത്തിക്കപ്പുറം തള്ളിയ തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തിരികെ കൊണ്ടുവരാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സർക്കാർ പൗരത്വം പരിശോധിക്കാമെന്ന് അറിയിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാട് വ്യക്തമാക്കിയത്. കേസിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് സർക്കാർ തീരുമാനമെടുത്തതെന്നും ഭാവിയിൽ സമാനമായ മറ്റു കേസുകൾക്ക് കീഴ്‌വഴക്കമായി കണക്കാക്കരുതെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു.

പൗരത്വ പരിശോധന കഴിഞ്ഞ് അന്തിമ തീരുമാനമാകുന്നതുവരെ ഇവരെ നിരീക്ഷണത്തിലാകും പാർപ്പിക്കുകയെന്നും ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ എട്ട്-പത്ത് ദിവസം വേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു. കേസ് കൂടുതൽ വാദത്തിനായി ജൂലൈ മാസത്തിലേക്ക് മാറ്റിവെച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ഡൽഹി രോഹിണിയിൽ ദിവസക്കൂലി തൊഴിലാളികളായി ജോലി ചെയ്തുവരുകയായിരുന്ന ബംഗാൾ സ്വദേശികളായ കുടുംബങ്ങളെ ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂൺ 18നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 27ന് ഇവരെ അതിർത്തി കടത്തി. ഇവരുടെ ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് തിരികെ എത്തിക്കാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടത്.

Show Full Article
TAGS:bangladesh citizenship central government refugee 
News Summary - Centre may check citizenship of those pushed to Bangladesh
Next Story