വിവാദ പരാമർശങ്ങളിലുറച്ച് അസം മുഖ്യമന്ത്രി; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
text_fieldsഗുവാഹതി: വ്യാപക പ്രതിഷേധമുയർന്നിട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിലുറച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. സൈനികരെ ചോദ്യം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം.
'ഇന്ത്യ എന്നത് ഒരു കൂട്ടം സംസ്ഥാനങ്ങൾ മാത്രമല്ല. ഭാരതം നമ്മുടെ മാതാവാണ്. ജവാന്മാരെ ചോദ്യം ചെയ്യുന്നത് നമ്മുടെ മാതാവിനെ അധിക്ഷേപിക്കലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോൺഗ്രസ് നടത്തിയ പ്രസ്താവനകളുടെ നിരവധി സ്ക്രീൻ ഷോട്ടുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനറൽ ബിപിൻ റാവത്തിനെ അധിക്ഷേപിക്കാനും കുറ്റപ്പെടുത്താനും കിട്ടിയ ഒരവസരവും കോൺഗ്രസ് പാഴാക്കിയിട്ടില്ല. കരസേനാ മേധാവിയായ ദിവസം മുതൽ അവർ അദ്ദേഹത്തിന്റെ കഴിവുകളെ ചോദ്യം ചെയ്തു. -അദ്ദേഹം പറഞ്ഞു.
സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ടതിന് വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ റാലിക്കിടെ ശർമ രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനാണെന്നതിന് ബി.ജെ.പി എപ്പോഴെങ്കിലും തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തിറങ്ങി. ശർമയെ പുറത്താക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയും രംഗത്തെത്തിയിരുന്നു.