ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന ആയുധ പരീക്ഷണം നടത്തി; ഓപറേഷൻ സിന്ദൂറിന് പിന്നാലെ വ്യാജ പ്രചാരണം, ആയുധക്കച്ചവടത്തിന് മുതിർന്നെന്നും യു.എസ്
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യ-പാകിസ്താൻ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾക്ക് ചൈന നേതൃത്വം നൽകിയിരുന്നുവെന്ന് റിപ്പോർട്ട്. ഫ്രാൻസിന്റെ റഫാൽ ജെറ്റിനെ ഇകഴ്താനും തങ്ങളുടെ ജെ-35 എസ് യുദ്ധവിമാനങ്ങളുടെ ശേഷി പെരുപ്പിച്ച് കാണിക്കാനും ലക്ഷ്യമിട്ടായിരുന്നു പ്രചാരണങ്ങൾ. ഇതിനായി എ.ഐ നിർമിത ചിത്രങ്ങളും വിവരങ്ങളും വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചിരുന്നുവെന്നും യു.എസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ചയാണ് യു.എസ് കോൺഗ്രസിന് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചത്. സാങ്കേതികവിദ്യ, സാമ്പത്തിക നയം, വ്യാപാരം, ദേശീയ സുരക്ഷ എന്നീ വിഭാഗങ്ങളിലായ 28 ശിപാർശകൾ ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. ആധുനിക സാങ്കേതിക രംഗത്ത് ഒന്നാം സ്ഥാനത്തെത്താൻ ചൈന വ്യാവസായിക നയം എങ്ങനെ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട് ചർച്ചചെയ്യുന്നുണ്ട്.
‘ലോകത്തിന് ചൈനയിലുള്ള ആശ്രിതത്വം വർധിപ്പിക്കണമെന്ന് പ്രസിഡന്റ് ഷി (ജിൻപിംഗ്) വ്യക്തമായി പറഞ്ഞിട്ടുണ്ട്, ‘കമ്മീഷൻ ചെയർ റീവ പ്രൈസ് പ്രാരംഭ പ്രസ്താവനയിൽ പറയുന്നു. തന്ത്രപരമായ മേഖലകളിൽ വലിയ തോതിൽ വളച്ചൊടിച്ച നയപിന്തുണ ചൈന തുടരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയും പാകിസ്താനും തമ്മിൽ മെയ് ഏഴുമുതൽ 10 വരെ നടന്ന സൈനീക സംഘർഷത്തിൽ പാകിസ്താൻ വലിയ തോതിൽ ചൈനീസ് പടക്കോപ്പുകളെയും സാങ്കേതിക വിദ്യയെയും ആശ്രയിച്ചത് ലോക ശ്രദ്ധയാകർഷിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
‘സംഘർഷത്തിലുടനീളം ഇന്ത്യൻ സൈനിക വിന്യാസത്തെക്കുറിച്ച് തത്സമയ വിവരങ്ങൾ നൽകി ചൈന പാകിസ്താനെ സഹായിച്ചുവെന്നും സ്വന്തം സൈനിക ശേഷി പരീക്ഷിക്കുന്നതിനുള്ള ഒരു വേദിയായി സംഘർഷത്തെ ഉപയോഗിച്ചുവെന്നും ഇന്ത്യൻ സൈന്യം അവകാശപ്പെട്ടു; പാകിസ്താൻ ഈ ആരോപണങ്ങൾ നിഷേധിച്ചു, ചൈന അതിന്റെ പങ്കാളിത്തത്തിന്റെ അളവ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.’ റിപ്പോർട്ട് പറയുന്നു.
2025-ൽ ഇന്ത്യയുമായി സ്വന്തം സുരക്ഷാ സംഘർഷങ്ങൾ വർദ്ധിപ്പിച്ച ചൈന പിന്നാലെ പാകിസ്താനുമായുള്ള സൈനിക സഹകരണം വികസിപ്പിച്ചതെങ്ങിനെയെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ‘ഇന്ത്യ-പാക് സംഘർഷത്തെ ഒരു ‘പ്രോക്സി യുദ്ധം’ ആയി ചിത്രീകരിക്കുന്നത് ചൈനയുടെ പങ്ക് പെരുപ്പിച്ച് കാണിക്കുന്നതാവും. എന്നാൽ, ഇന്ത്യയുമായി അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ആയുധങ്ങളുടെ ക്ഷമത പരീക്ഷിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും ചൈന സംഘർഷത്തെ ഉപയോഗപ്പെടുത്തി,’ റിപ്പോർട്ട് പറയുന്നു.
‘എച്ച്.ക്യൂ-9 വ്യോമ പ്രതിരോധ സംവിധാനം, വായുവിൽ നിന്ന് തൊടുക്കാവുന്ന പി.എൽ-15 മിസൈലുകൾ, ജെ-10 യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ ചൈനയുടെ ആധുനിക ആയുധ സംവിധാനങ്ങൾ സജീവ പോരാട്ടത്തിന് ഉപയോഗിച്ചത് ഇതാദ്യമായിരുന്നു. ഇന്ത്യ-പാക് സംഘർഷം ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള സാഹചര്യമായി. സംഘർഷത്തിന് പിന്നാലെ 2025 ജൂണിൽ പാകിസ്താന് 40 അഞ്ചാം തലമുറ ജെ-35 യുദ്ധവിമാനങ്ങൾ, കെ.ജെ-500 വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ വിൽക്കാൻ ചൈന വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്.’
സംഘർഷത്തിന് പിന്നാലെ, ആയുധ വിൽപ്പന ലക്ഷ്യമിട്ട് ചൈനീസ് എംബസികൾ തങ്ങളുടെ സംവിധാനങ്ങളുടെ വിജയത്തെ പ്രശംസിച്ച് പ്രസ്താവനകളിറക്കി. ഫ്രഞ്ച് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അനുസരിച്ച്, റഫേൽ യുദ്ധവിമാനങ്ങൾക്കെതിരെ സ്വന്തം ജെ-35 വിമാനങ്ങളുടെ ശേഷി പെരുപ്പിച്ച് കാണിക്കാൻ ചൈന പ്രചാരണം നടത്തി. ഇതിനായി ചൈനീസ് വിമാനങ്ങൾ നശിപ്പിച്ച യുദ്ധവിമാനങ്ങളുടേതെന്ന പേരിൽ എ.ഐ, വീഡിയോ ഗെയിം ദൃശ്യങ്ങൾ പ്രചരിപിച്ചു. ഇതിനായി വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർമിച്ചിരുന്നു. റാഫേൽ ജെറ്റുകൾ വാങ്ങുന്നത് നിർത്താൻ ചൈനീസ് എംബസി ഉദ്യോഗസ്ഥർ ഇന്തോനേഷ്യയെ നിരുത്സാഹപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു.
ദലൈലാമയുടെ പിന്തുടർച്ച സംബന്ധിച്ച് ചൈനയും അമേരിക്കയും ഉൾപ്പെടെയുള്ളവർ തമ്മിൽ തർക്കം ഉടലെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ‘രണ്ട് പിൻഗാമികൾ ഉണ്ടാകാൻ സാധ്യതയുണ്ട് - ഒരാൾ ടിബറ്റൻ ബുദ്ധിസ്റ്റ് ഗാഡൻ ഫോഡ്രാങ് ട്രസ്റ്റ് തിരഞ്ഞെടുക്കുന്നതും മറ്റൊരാൾ ചൈനീസ് സർക്കാർ തിരഞ്ഞെടുക്കുന്നതും,’ റിപ്പോർട്ട് പറയുന്നു.
നേരത്തെ, ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ ട്രസ്റ്റിനാണ് അധികാരമെന്ന ഇന്ത്യൻ മന്ത്രിയുടെ പ്രസ്‍താവനയിൽ ചൈന ഔദ്യോഗികമായി വിയോജിപ്പ് അറിയിച്ചിരുന്നു. മതത്തിന്റെ മറവിൽ നടത്തുന്ന ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് ഇന്ത്യ ഒഴിവാക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം.


