പൗരത്വ സമര നേതാക്കളുടെ ജാമ്യഹരജികൾ; സുപ്രീംകോടതിയിലെ തുടക്കം നീട്ടിവെക്കലോടെ
text_fieldsന്യൂഡൽഹി: വിചാരണ കോടതിയിലും ഹൈകോടതിയിലും നിരവധി തവണ നീട്ടിവെച്ച പൗരത്വ സമര നേതാക്കളുടെ ജാമ്യഹരജികളുടെ സുപ്രീംകോടതിയിലെ തുടക്കവും നീട്ടിവെക്കലോടെ. പൗരത്വ സമരത്തിനിറങ്ങിയതിന് ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തി നാലുവർഷമായി തടവറയിലിട്ട ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂനിയൻ നേതാവ് ഉമർ ഖാലിദ്, ഗവേഷണ വിദ്യാർഥി ശർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽഫിഷാ ഫാത്തിമ എന്നിവരുടെ ജാമ്യഹരജികൾ പരിഗണിക്കുന്നതിന് മുമ്പേ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് നീട്ടിവെച്ചത്.
ഇവരുടെ ജാമ്യാപേക്ഷയുടെ ഫയലുകൾ രാത്രി ഏറെ വൈകിയാണ് കിട്ടിയതെന്ന കാരണം പറഞ്ഞാണ് സെപ്റ്റംബർ 19ന് പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റിയത്. തങ്ങളുടെ ജാമ്യ ഹരജികൾ തള്ളി ഡൽഹി ഹൈകോടതി സെപ്റ്റംബർ രണ്ടിന് പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്താണ് ഇവർ സുപ്രീംകോടതിയിൽ എത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ കേസിൽ വാദിക്കുന്നതിനായി കപിൽ സിബൽ, അഭിഷേക് മനു സിങ്, സി.യു. സിങ് എന്നിവരടങ്ങുന്ന മുതിർന്ന അഭിഭാഷകരുടെ നിര വിദ്യാർഥി നേതാക്കൾക്ക് വേണ്ടി ഹാജരാകാൻ കോടതിയിൽ എത്തിയിരുന്നു. എന്നാൽ, കേസ് നമ്പർ വിളിച്ചപ്പോൾതന്നെ എടുക്കേണ്ട കേസിന്റെ സപ്ലിമെൻററി ലിസ്റ്റിൽപ്പെട്ട ഈ ജാമ്യ ഹരജികൾ വെള്ളിയാഴ്ച പുലർച്ച 2.30നാണ് കൈയിൽ കിട്ടിയതെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ പറഞ്ഞു.