ഭൂമി തരംമാറ്റാൻ 15,000 രൂപ കൈക്കൂലി, ഒഡീഷ സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ പിടിയിൽ
text_fieldsഒഡീഷ: സംസ്ഥാന സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച യുവ തഹസിൽദാർ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ഒഡീഷ സംബൽപൂർ ജില്ലയിലെ ബംറ തഹസിൽദാർ അശ്വിനി കുമാർ പാണ്ഡെ (32) ആണ് പിടിയിലായത്.
കൃഷിഭൂമി പുരയിടമാക്കി മാറ്റുന്നതിനായി അപേക്ഷ നൽകിയ ആളോടാണ് അശ്വിനി കുമാർ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഭൂമി തരംമാറ്റുന്നതിനും ബന്ധപ്പെട്ട രേഖകൾ അനുവദിക്കുന്നതിനും 20,000 രൂപയാണ് അശ്വിനി കുമാർ ആദ്യം കൈക്കൂലി ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാനാവില്ലെന്ന് അപേക്ഷകൻ അറിയിച്ചപ്പോൾ തുക 15,000 ആയി കുറച്ചു. പണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാവില്ലെന്നും രേഖകൾ നൽകില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും വിജിലൻസ് പറഞ്ഞു.
തുടർന്ന് പരാതിക്കാരൻ വിജിലൻസ് അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച അപേക്ഷകനിൽ നിന്ന് ഡ്രൈവർ വഴി കൈക്കൂലി വാങ്ങിയ തഹസിൽദാറെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. കൈക്കൂലി തുക മുഴുവൻ കണ്ടെടുത്തതായി വിജിലൻസ് പ്രസ്താവനയിൽ പറഞ്ഞു.
പിടിയിലായതിന് പിന്നാലെ, തഹസിൽദാരുടെ വീട്ടിലും താത്കാലിക താമസ സ്ഥലത്തും അധികൃതർ പരിശോധന നടത്തി. ഭുവനേശ്വറിലെ അശ്വിനി കുമാറിന്റെ വസതിയിൽ നിന്ന് 4,73,000 രൂപയുടെ കറൻസി പിടികൂടി. അഴിമതി നിരോധന നിയമപ്രകാരം ഡ്രൈവർ പി. പ്രവീൺ കുമാറിനെയും അറസ്റ്റ് ചെയ്തതായി വിജിലൻസ് അറിയിച്ചു.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദധാരിയായ അശ്വിനി കുമാർ 2019 ലെ ഒഡീഷ സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു. 2021 ഡിസംബറിൽ ജൂനിയർ ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഒ.എ.എസ്) തസ്തികയായ ട്രെയിനിംഗ് റിസർവ് ഓഫീസർ (ടി.ആർ.ഒ) ആയാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്.