സി.ജെ. റോയിയുടെ മരണം: അന്വേഷണം സി.ഐ.ഡിക്ക് കൈമാറി കർണാടക സർക്കാർ
text_fieldsസി.ജെ. റോയ്
ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി. റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാലാണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്‍റെ പരാതി വിശദമായി അന്വേഷിക്കും.
റോയിയുടെ സംസ്കാരം ഇന്ന് സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒമ്പത് മണിയോടെ ബംഗളൂരു ബോറിംഗ് ആശുപത്രിയിൽനിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി.ജെ. ബാബുവിന്റെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. നാളെ വൈകിട്ട് ബന്നാർഘട്ടയിലാണ് സംസ്കാരം.
ബംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.15ഓടെയാണ് ദാരുണ സംഭവം. സ്വന്തം തോക്കിൽനിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേന്ദ്ര ഏജൻസിയുടെ നിരന്തര വേട്ടയാണ് രാജ്യത്തെ വ്യവസായ ശൃംഖലയെ ഞെട്ടിച്ച ആത്മഹത്യക്ക് കാരണം. കഴിഞ്ഞ ആഴ്‌ച ബംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പ് 700 കോടിയുടെ ഭൂമി വില്പന നടത്തിയെന്നും പണം കേരളത്തിലെ പദ്ധതികളിൽ നിക്ഷേപിക്കാനിരിക്കെ ബി.ജെ.പി നേതൃത്വം വൻതുക ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനുള്ള സമ്മർദത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന ആക്ഷേപവും ബംഗളൂരുവിലെ വ്യവസായ വൃത്തങ്ങളിലുണ്ട്.
മൂന്ന് ദിവസമായി കേരളത്തിൽനിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഉച്ചയോടെയാണ് റോയ്‍ ഓഫീസിലെത്തിയത്. നിരന്തര പരിശോധനകൾക്കെതിരെ അപ്പലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈകോടതിയിലും കോൺഫിഡന്റ് ഗ്രൂപ്പ് നിയമപോരാട്ടം നടത്തുന്നുണ്ട്. ഡിസംബറിലും റെയ്ഡ് നടത്തിയിരുന്നു. തൃശൂർ സ്വദേശിയായ ഡോ. സി ജെ റോയ് 2006ൽ ആണ് കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ബംഗളൂരുവിലും കേരളത്തിൽ വിവിധയിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമടക്കം നൂറിലേറെ റിയൽ എസ്റ്റേറ്റ് പദ്ധതികളിലായി വൻനിക്ഷേപമുണ്ട്.
മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളായ കാസനോവ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയുടെ നിർമാതാവാണ്. ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അനോമി നിർമിച്ചതും റോയിയാണ്. നിരവധി ടെലിവിഷൻ ഷോകളും സ്‍പോൺസർ ചെയ്‌തു. സ്ലോവാക് റിപബ്ലിക്കിന്റെ ഓണററി കോൺസൽ കൂടിയായിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. കേരളത്തിൽ പ്രളയപുനരധിവാസത്തിന്റെ ഭാഗമായി വീടുകൾ നിർമിച്ചുനൽകി. സ്വിറ്റ്സർലൻഡിലെ എസ്.ബി.എസ് ബിസിനസ് സ്‌കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്‌ടറേറ്റ് നേടി. ബഹുരാഷ്‌ട്ര കമ്പനിയായ എച്ച്.പിയിലെ ജോലി രാജിവച്ചാണ് വ്യവസായത്തിറങ്ങിയത്. ഭാര്യ: ലിനി റോയ്, മക്കൾ: രോഹിത്, റിയ.


