സി.ജെ റോയിയുടെ സംസ്ക്കാരം ഇന്ന്; ഉച്ചക്ക് ഒരുമണിവരെ ബെംഗളൂരുവിൽ പൊതുദർശനം
text_fieldsസി.ജെ. റോയ്
ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയുമായ സി.ജി റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതിചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലാണ് സംസ്കാരം. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ഉച്ചക്ക് ഒരുമണി വരെ സഹോദരന്റെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.
ഇന്നലെയായിരുന്നു ഇ.ഡി റെയ്ഡിനിടെ സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് സി.ജെ റോയ് തലയിൽ വെടിയുതിർത്തത്. ബംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലെ ഓഫിസിലാണ് സംഭവം. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാണിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജി ജോസഫ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയിൽ നിന്നെത്തിയ ഐ.ടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കൂടാതെ കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും റോയിയുടെ കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ബെംഗളൂരു സെൻട്രൽ ഡി.സി.പിക്കാണ് അന്വേഷണ ചുമതല.
റിയാലിറ്റി ഷോ ആയ സ്റ്റാർ സിങ്ങറിലൂടെയാണ് കോൺഫിഡൻറ് ഗ്രൂപ് മലയാളികൾക്ക് സുപരിചിതമാകുന്നത്. കോൺഫിഡൻറ് ഗ്രൂപ് ബിഗ് ബോസ് കന്നടയുടെ പതിവ് പ്രധാന സ്പോൺസറായിരുന്നു. അദ്ദേഹത്തിൻറെ ഇടപെടലുകളിലൂടെ ബിഗ് ബോസ് മലയാളത്തിലുമെത്തി. സിനിമ നിർമാണരംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. നാല് സിനിമകൾ സി.ജെ. റോയ് നിർമിച്ചിട്ടുണ്ട്. കാസനോവ, മരക്കാർ എന്നിവ ഇതിൽപെടും.


