20 വർഷംകൊണ്ട് പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം; ഒടുവിൽ ആദായനികുതി ഉദ്യോഗസ്ഥരെ സാക്ഷിയാക്കി സി.ജെ റോയിയുടെ ജീവനൊടുക്കൽ; ചോദ്യമുനയിൽ കേന്ദ്ര ഏജൻസിയും
text_fieldsസി.ജെ റോയ് ആഡംബര കാറുകൾക്കൊപ്പം
ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും (ഇ.ഡി), ആദായ നികുതി വകുപ്പും ഭരണകൂടം ആയുധമാക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ ഇന്ത്യൻ വ്യവസായ ലോകത്തെ നടുക്കി മലയാളി റിയൽ എസ്റ്റേറ്റ് പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ ഡോ. സി.ജെ റോയുടെ ആത്മഹത്യ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സി.ജെ റോയ് ബംഗളൂരുവിലെ ഓഫീസിൽ ആദായ നികുതി പരിശോധനക്കിടെ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്ന വാർത്തയെത്തുന്നത്. രാഷ്ട്രീയ, വ്യവസായ ബിസിനസ് ലോകത്തെ ഒരുപോലെ ഞെട്ടിക്കുന്നതായി ദക്ഷിണേന്ത്യയിലും ഗൾഫിലുമായി വേരുറപ്പിച്ച ബിസിനസ് പ്രമുഖന്റെ മരണം.
ബംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നതിനിടെയായിരുന്നു അതേ ഓഫീസിൽ ഉദ്യോഗസ്ഥരുടെ മുന്നിൽ സി.ജെ റോയ് നിറയൊഴിച്ച് മരിച്ചത്.
ഉന്നത വിദ്യഭ്യാസം നേടി, മികച്ച കരിയർ പടുത്തുയർത്തിയ ശേഷം കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായി വാഴുന്നതിനിടെയാണ് പൊടുന്നനെയുള്ള വേർപാട്. ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായി പി.എച്ച്.ഡി പൂർത്തിയാക്കി ഗവേഷണം ബിരുദം നേടിയ കൊച്ചി സ്വദേശിയായ സി.ജെ റോയ് അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ എച്ച്.പിയിലൂടെയാണ് കരിയർ തുടങ്ങുന്നത്. ഐ.ടി മേഖലയിലെ സുരക്ഷിതമായ കരിയറിൽ നിന്നും 2006ലായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പിലൂടെ റിയൽ എസ്റ്റേറ്റിലും കെട്ടിട നിർമാണങ്ങളിലേക്കും രംഗപ്രവേശം. അമേരിക്ക ഉൾപ്പെടെ വിദേശങ്ങളിൽ നേടിയ പരിചയ സമ്പത്തും ആത്മവിശ്വാസവും കൈമുതലാക്കി കേരളത്തിലെ നിക്ഷേപമേഖലയിലേക്ക് ചുവടുവെച്ച സി.ജെ റോയിക്ക് കണക്കുകൂട്ടലുകൾ പിഴച്ചില്ല.
കേരളത്തിൽ പുതിയ ബിൽഡർമാർ രംഗപ്രവേശം ചെയ്യുന്ന കാലത്ത് നവീനമായ മാർക്കറ്റിങ്ങ് തന്ത്രങ്ങളിലൂടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉപഭോക്താക്കൾക്കിടയിൽ വിശ്വസനീയമായ ബ്രാൻഡായി ചുരുങ്ങിയ കാലംകൊണ്ട് ഇടം പിടിച്ചു. ബംഗളൂരുവിൽ തുടങ്ങി കേരളത്തിലും കർണാടകയിലുമായി ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് പടർന്നു. ദുബൈയിലും ഇടം ഉറപ്പിച്ച ഗ്രൂപ്പ്, റിയൽ എസ്റ്റേറ്റിന് പുറമെ, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, വിനോദം, വിദ്യഭ്യാസം, ഗോൾഫിങ്, റീട്ടെയ്ൽ, ബിൽഡിങ് മെറ്റീരിയൽ ഇന്റർനാഷണൽ ട്രേഡിങ് തുടങ്ങിയ മേഖലകളിലും ചുവടുവെച്ചു.
2000ൽ ബംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റിക്കും വൈറ്റ്ഫീൽഡിനുമിടയിൽ സർജാപൂരിൽ ആരും എത്തിച്ചേരാത്ത ഒരിടം അന്നത്തെ വലിയ വിലക്ക് വാങ്ങിയായിരുന്നു തന്റെ ബിസിനസിലേക്കുള്ള ചുവടുവെപ്പെന്ന് സി.ജെ റോയ് ഒരിക്കൽ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
സർജാപൂരിൽ ഏക്കറിന് ആറ് ലക്ഷം രൂപ എന്ന വിലയിൽ ഭൂമി വാങ്ങി. സെന്റിന് 6000 രൂപ. പിന്നീട് അത് ആറ് ലക്ഷത്തിൽ നിന്നും ഏക്കറിന് 18 കോടിയായി മൂല്ല്യം ഉയർന്നു. ബംഗളൂരുവിൽ പിന്നീട് വിവിധ മേഖലകളിൽ നിക്ഷേപം നടത്തി വളരുന്ന നഗരത്തിനൊപ്പം അതിവേഗത്തിൽ തന്നെ മലയാളി സംരംഭകനും വളർന്നു. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കോട്ടയം നഗരങ്ങളിലും കോൺഫിഡന്റ് ഗ്രൂപ്പ് സാന്നിധ്യമായി. 165 പ്രൊജക്ടുകളിൽ, 43 ദശലക്ഷം ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ, കാൽ ലക്ഷത്തോളം ഉപഭോക്താക്കളെ സൃഷ്ടിച്ചതായി ഗ്രൂപ്പിന്റെ വെബ്സൈറ്റിലെ കണക്കുകൾ വെളിപ്പെടുത്തുന്നു.
സംരംഭ, നിക്ഷേപ മേഖലക്കുപുറമെ, ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായി. പ്രളയത്തിൽ തകർന്ന കേരളത്തിൽ 100 ഓളം വീടുകൾ കോൺഫിഡന്റ് ഗ്രൂപ്പ് നിർമിച്ചു നൽകി.
ബിസിനസുകാരൻ എന്നതിനൊപ്പം ആഡംബര കാറുകളുടെ ആരാധകനുമായിരുന്നു സി.ജെ റോയ്. 12ഓളം റോൾസ് റോയ്സ് ഉൾപ്പെടെ 200ഓളം കാറുകൾ അദ്ദേഹത്തിന്റേതായുണ്ടായിരുന്നു.
സ്ലോവാക്യയുടെ കർണാടക, കേരള അംബാസഡർ പദവിയും വഹിച്ചു.
മരണത്തിനുത്തരവാദി ആദായനികുതി വകുപ്പെന്ന് കുടുംബം
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്‌യുടെ മരണത്തില്‍ ആദായ വകുപ്പിനെതിരെ ഗുരുത ആരോപണവുമായി കുടുംബം രംഗത്ത്. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയ്‌യുടെ സഹോദരന്‍ സി.ജെ ബാബു ആരോപിച്ചു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദിയെന്നും, റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചു.
മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയ്‌യെ മാനസികമായി തളര്‍ത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിരുന്നുവെന്നും കുടുംബം പറഞ്ഞു.


