വ്യാവസായിക വളർച്ച തടഞ്ഞത് ട്രേഡ് യൂനിയനുകൾ; ജോലി ചെയ്യാൻ താൽപര്യമില്ലെന്നും ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: രാജ്യത്തെ വ്യാവസായിക വളർച്ച തടഞ്ഞതിന് കാരണം ട്രേഡ് യൂനിയനിസമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
യൂനിയനുകൾ കാരണം എല്ലാ പരമ്പരാഗത വ്യവസായങ്ങളും രാജ്യത്തുടനീളം അടച്ചുപൂട്ടി. അവർക്ക് ജോലി ചെയ്യാൻ താൽപര്യമില്ല. തൊഴിലിടത്ത് തീർച്ചയായും ചൂഷണമുണ്ട്, പക്ഷേ, അതിനെ അഭിസംബോധന ചെയ്യാനുള്ള മാർഗങ്ങളുണ്ട്. ആളുകളെ അവരുടെ വ്യക്തിപരമായ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരും വൈദഗ്ധ്യരുമാക്കേണ്ടിയിരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഗാർഹിക തൊഴിലാളികളെ മിനിമം വേതന നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. നിയമങ്ങൾ നിർമിക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് പറഞ്ഞ് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചു.
സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ രജിസ്ട്രേഷൻ കൂടാതെ ഗാർഹിക തൊഴിലാളിയെ നിയമിക്കാനാവില്ലെന്നും വാരാന്ത്യ അവധി, മിനിമം വേതനം തുടങ്ങിയവ ഉറപ്പാക്കണമെന്നും മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു.
എന്നാൽ, മിനിമം വേതനം നിശ്ചയിച്ചാൽ ആളുകൾ തൊഴിലുകൾ നൽകാൻ തയാറാകില്ലെന്നും കൂടുതൽ ബുദ്ധിമുട്ടുകൾ ഇതു സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മിനിമം വേതനം നടപ്പാക്കിയാൽ എല്ലാ കുടുംബങ്ങളും നിയമവ്യവഹാരത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
യഥാർഥത്തിൽ വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുന്നത് തൊഴിൽ ഏജൻസികളാണ്. സുപ്രീംകോടതി വൈദഗ്ധ്യ തൊഴിലാളിയെ നിയമിക്കാൻ ഏജൻസിക്ക് 40,000 രൂപ നൽകിയപ്പോൾ ജോലി ലഭിച്ച പെൺകുട്ടിക്ക് 19,000 രൂപ മാത്രമാണ് ലഭിച്ചതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.


