Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യദ്രോഹി,...

രാജ്യദ്രോഹി, കടക്കുപുറത്ത്! ഗ്യാനേഷിന് അന്ത്യശാസനവുമായി സി.ജെ.പി​; ‘13 കോടി പേരു​ടെ വോട്ടവകാശം കളഞ്ഞത് നിസ്സാരമല്ല’

text_fields
bookmark_border
Gyanesh Kumar
cancel
camera_alt

ഗ്യാനേഷ് കുമാർ 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരായ പ്രതിഷേധം രാജ്യമാകെ കനക്കുന്നതിനിടെ, ഗ്യാനേഷ് കുമാറിന്‍റെ രാജിക്ക് 48 മണിക്കൂറിന്‍റെ അന്ത്യശാസനവുമായി കോക്രോച് ജനതാ പാർട്ടി (സി.ജെ.പി). രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സി.ജെ.പി നേതാവ് അഭിജീത് ദിപ്‍കെയുടെ താക്കീത്.

ഗ്യാനേഷ് കുമാറിനുകീഴിൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി വോട്ടു ചെയ്യാനുള്ള ലക്ഷക്കണക്കിന് പൗരന്മാരുടെ അവകാശത്തെ തകിടം മറിക്കുകയാണ് ചെയ്തതെന്ന് ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ ദിപ്‍കെ കുറ്റപ്പെടുത്തി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പുവരുത്താൻ ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂ. അതുവരെ സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം. ജൂണിൽ ജന്തർ മന്തറിൽ നടന്ന അതേ രീതിയിലുള്ള പ്രക്ഷോഭ പരിപാടികളാണ് ആലോചിക്കുന്നത്.

ഏറ്റവും വലിയ രാജ്യദ്രോഹിയായ ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണ്. ആരൊക്കെ വോട്ട് ചെയ്യണമെന്നും ആരൊക്കെ ചെയ്യാൻ പാടില്ലെന്നും കേന്ദ്രസർക്കാറിന് തീരുമാനിക്കാൻ അദ്ദേഹം വഴിയൊരുക്കുകയാണ് ചെയ്തത്. ഇതാണോ ജനാധിപത്യമെന്നും ഇങ്ങനെയാണോ ജനാധിപത്യത്തിന്‍റെ നിർവചനമെന്നും ദിപ്‍കെ ചോദിച്ചു. ജനാധിപത്യമെന്ന സങ്കൽപം പോലും തകിടം മറിക്കുന്ന കാര്യങ്ങളാണ് നടന്നത്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷവും തമ്മിലെ അന്തരം രണ്ടു ശതമാനമായിരുന്നു. 13 കോടി വോട്ടർമാരുടെ അവകാശം എടുത്തുകളഞ്ഞത് നിസ്സാര കാര്യമല്ല. മൊത്തം വോട്ടുകളുടെ 14 ശതമാനത്തോളമാണ് തുടച്ചുനീക്കപ്പെട്ടത്. അധികാരം ഒരിക്കലും നഷ്‍ടപ്പെടാതിരിക്കാനാണോ ശ്രമമെന്ന് ദിപ്‍കെ ചോദിച്ചു. വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റിയ നടപടി പ്രതിപക്ഷ കക്ഷികളെയും പ്രതിപക്ഷ നേതാക്കളെയും ബാധിച്ചെന്നും മമത ബാനർജി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരുടെ പതനം അതാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ ഇത്തരത്തിൽ പ്രതിപക്ഷത്തെ ഇല്ലാതാക്കിയാൽ അതിനെ ജനാധിപത്യമെന്ന് വിളിക്കുന്നതിൽ അർഥമില്ലെന്നും ദിപ്‍കെ അഭിപ്രായപ്പെട്ടു.

രാജ്യവ്യാപക സമരത്തിന് ഇടതുപാർട്ടികൾ; ഒരാഴ്ച നീണ്ട പ്രതിഷേധത്തിന് ആഹ്വാനം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഒത്താശ ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കംചെയ്യണമെന്നും എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് ഇടതുപാർട്ടികൾ. സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ) ലിബറഷൻ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് പാർട്ടികളാണ് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ രണ്ടുവരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

അർഹരായിട്ടും എസ്‌.ഐ.ആറിലൂടെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തണം. സുപ്രീംകോടതി നിർദേശത്തിനനുസൃതമായി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സമിതി തെരഞ്ഞെടുപ്പ് കമീഷണർമാരെ നിശ്ചയിക്കണമെന്നും വ്യാഴാഴ്ച എ.കെ.ജി ഭവനിൽ നടന്ന വാർത്തസമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ (എം.എൽ) ലിബറഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ പറഞ്ഞു.

Show Full Article
TAGS:CJP Protest Cockroach Janta Party Gyanesh Kumar Election Commission 
News Summary - CJP ultimatum gyanesh kumar on voter rights
Next Story