‘ധൈര്യമുണ്ടോ..അത് തമിഴ്നാട്ടിൽ പറയാൻ?’ മോദിയെ വെല്ലുവിളിച്ച് സ്റ്റാലിൻ, തോൽവികൾക്ക് പിന്നാലെ തമിഴ്നാടിനോട് പകയെന്നും വിമർശനം
text_fieldsനരേന്ദ്രമോദി, എം.കെ. സ്റ്റാലിൻ
ധർമപുരി: രാഷ്ട്രീയ നേട്ടത്തിനായി മോദി നാടകം കളിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാടിൽ ബിഹാറികൾ വേട്ടയാടപ്പെടുന്നുവെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. തമിഴ്നാട്ടിൽ അത് ഒരിക്കൽ കൂടി ആവർത്തിക്കാൻ മോദിക്ക് ധൈര്യമുണ്ടോ എന്നും സ്റ്റാലിൻ ചോദിച്ചു.
‘തമിഴ്നാട്ടിൽ അതേ പരാമർശം ആവർത്തിക്കാൻ മോദിക്കാവുമോ? അതിന് അദ്ദേഹത്തിന് ധൈര്യമുണ്ടോ എന്നാണ് ചോദ്യം’ സ്റ്റാലിൻ പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഡി.എം.കെയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ ബിഹാറികളെ ദ്രോഹിക്കുകയാണെന്നായിരുന്നു മോദിയുടെ വാക്കുകൾ.
ധർമപുരിയിൽ ഡി.എം.കെ എം.പി എ മണിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ്നാട്ടിൽ കാലുറപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ പരാജയത്തിൽ നിന്നുണ്ടായ പകയാണ് മോദിയുടെ വിദ്വേഷ പരാമർശങ്ങൾക്ക് പിന്നിലെന്ന് സ്റ്റാലിൻ പറഞ്ഞു.
‘മോദി എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. എന്നാൽ, അദ്ദേഹം ബിഹാറിൽ പോയി തമിഴ്നാടിനെതിരെ വിദ്വേഷം പ്രസംഗിക്കുന്നു,’ സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് എല്ലാവരെയും സ്വാഗതം ചെയ്യുകയും തൊഴിൽ നൽകുകയും ചെയ്യുന്ന സംസ്ഥാനമാണ്. ബിഹാറിൽ നിന്നുള്ള അഥിതി തൊഴിലാളികൾ തമിഴ്നാട് സർക്കാറിനെ പ്രകീർത്തിക്കുന്ന മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, സർക്കാറിന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു.

