മാസപ്പടി: പാർട്ടി പിണറായിക്കൊപ്പം
text_fieldsമധുര (തമിഴ്നാട്): കരിമണൽ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കും പ്രതിരോധ കവചമൊരുക്കി സി.പി.എം നേതൃത്വം. കരിമണൽ കമ്പനിയിൽ നിന്ന് വീണാ വിജയൻ കോഴ കൈപ്പറ്റിയെന്ന കേന്ദ്ര ഏജൻസി എസ്.എഫ്.ഐ.ഒ അന്വേഷണത്തിലെ കണ്ടെത്തൽ പാർട്ടി പൂർണമായും തള്ളി.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കോഴക്കേസ് പാർട്ടിക്കെതിരായ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് വിശദീകരിക്കുന്ന സി.പി.എം നേതൃത്വം, അത് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വ്യക്തമാക്കുന്നു.
മധുരയിൽ പാർട്ടി കോൺഗ്രസിനിടെ, മാധ്യമങ്ങളെ കണ്ട പോളിറ്റ്ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട്, ബംഗാൾ ഘടകം സെക്രട്ടറി മുഹമ്മദ് സലീം, കേരള സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ നേതാക്കളെല്ലാം പിണറായി വിജയനും മകൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയെയും മകളെയും പ്രതിരോധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കളും പ്രത്യേകമായി മാധ്യമങ്ങളെ കണ്ടു. എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ വീണാ വിജയൻ പ്രതിചേർക്കപ്പെട്ടതോടെ, മുഖ്യമന്ത്രിക്കുള്ള കോഴ മകളുടെ കമ്പനി വഴി നൽകിയെന്ന ആരോപണം തെളിയിക്കപ്പെട്ടുവെന്ന ആവേശത്തിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് അവർ കോപ്പുകൂട്ടുമ്പോൾ, ഒരു നിലക്കും വിട്ടുകൊടുക്കേണ്ട എന്നാണ് സി.പി.എം തീരുമാനം.
പാർട്ടി കോൺഗ്രസ് വേദിയിൽത്തന്നെ കേന്ദ്ര-സംസ്ഥാന നേതാക്കൾ ഒന്നടങ്കം പിണറായിയെ പ്രതിരോധിച്ച് രംഗത്തുവന്നത് അതാണ് വ്യക്തമാക്കുന്നത്. അതേസമയം, കേന്ദ്ര നേതാക്കൾക്കിടയിൽ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പവും പ്രതികരണങ്ങളിൽ പ്രകടമാണ്.
പിണറായിയുടെ മകൾക്കെതിരായ കേസ് പാർട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. എന്നാൽ, ബംഗാൾ ഘടകം സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞത്, കേസ് ബന്ധപ്പെട്ട കക്ഷികൾ നിയമപരമായി നേരിടുമെന്നാണ്. കാരാട്ട് പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോഴും മുഹമ്മദ് സലീം തിരുത്തിയില്ല. പിണറായിക്കൊപ്പം നിൽക്കുമ്പോഴും കോഴക്കേസിന്റെ പ്രതിരോധം പാർട്ടി നേരിട്ട് എടുക്കുന്നതിൽ പലർക്കുമുള്ള ആശങ്കകളാണ് മുഹമ്മദ് സലീമിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.
സദ്ഭരണത്തിന്റെ ഇടത് ബദലായി കേരളത്തിലെ ഇടത് സർക്കാറിനെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടാനുള്ള തീരുമാനത്തിലാണ് സി.പി.എം. ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തെ മുന്നോട്ടുവെക്കുന്ന പ്രമേയം തയാറാക്കിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി കരിമണൽ മാസപ്പടി കേസിലെ കുറ്റപത്രം പുറത്തുവന്നത്.
സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും പ്രബല ഘടകമായ കേരളത്തെ നിയന്ത്രിക്കുന്ന നേതാവ് പാർട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനാണ് പാർട്ടി കോൺഗ്രസ് വേദിയിലെ താരം. എന്നാൽ, മാസപ്പടിക്കേസ് വന്നതോടെ അദ്ദേഹം ഒരു നിമിഷം കൊണ്ട് താരപ്പകിട്ടിൽനിന്ന് സംശയത്തിന്റെ കരിനിഴലിലാണ്.
എങ്കിലും, പ്രതിപക്ഷത്തിന്റെ പ്രക്ഷോഭ മുന്നറിയിപ്പും മാധ്യമ ചർച്ചകളും അവഗണിച്ച് പിണറായി സർക്കാറിനെ ബദൽ മാതൃകയായി അവതരിപ്പിക്കുന്ന പ്രമേയം പാർട്ടി കോൺഗ്രസ് പാസാക്കി. എന്തുവന്നാലും പിണറായിക്കൊപ്പം എന്ന നിലപാട് ആവർത്തിച്ചു ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രമേയം വെള്ളിയാഴ്ച തന്നെ പാസാക്കിയത്.