സി.എം.ആർ.എല്ലിന്റെ ഹരജി പുതിയ ബെഞ്ചിലേക്ക്; എസ്.എഫ്.ഐ.ഒ നടപടികൾക്ക് തൽക്കാലം സ്റ്റേയില്ല
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) നടപടികളിൽ സ്റ്റേ അനുവദിക്കാതെ ഡൽഹി ഹൈകോടതി. കേസിൽ ബുധനാഴ്ച വാദം കേട്ട ജസ്റ്റിസ് ഗിരീഷ് കട്പാലിയ സി.എം.ആർ.എല്ലിന്റെ ഹരജി മറ്റൊരു ബെഞ്ചിലേക്ക് വിടാൻ ശിപാർശ ചെയ്യുകയായിരുന്നു. ജസ്റ്റിസ് സുബ്രമണ്യ പ്രസാദിന്റെ ബെഞ്ചിലേക്കാണ് ഹരജി മാറ്റിയത്. ഏപ്രിൽ 21ന് വീണ്ടും ഹരജി പരിഗണിച്ചേക്കും.
ബുധനാഴ്ച ഹരജി പരിഗണിക്കവെ, എന്താണ് ആവശ്യങ്ങളെന്ന് കോടതി കെ.എം.ആർ.എല്ലിനോട് ചോദിച്ചു. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ തീർപ്പാക്കിയ രേഖകളിൻമേലാണ് എസ്.എഫ്.ഐ.ഒ അന്വേഷണമെന്നും രേഖകൾ പുറത്തുപോകാൻ പാടില്ലെന്നാണ് ചട്ടമെന്നും അന്വേഷണം റദ്ദാക്കണമെന്നാണ് പ്രധാന ഹരജിയെന്നും കെ.എം.ആർ.എൽ പറഞ്ഞു. പിന്നാലെ, എസ്.എഫ്.ഐ.ഒക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) എസ്.വി. രാജു കേസിൽ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചെന്നും കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന്, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ ഹരജി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
നേരത്തേ, ജസ്റ്റിസ് സുബ്രമണ്യ പ്രസാദിന്റെ ബെഞ്ച് ഹരജി പരിഗണിച്ചപ്പോൾ കോടതി വ്യവഹാരം പൂർത്തിയാവും വരെ തുടർനടപടികൾ ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാറും എസ്.എഫ്.ഐ.ഒയും വാക്കാൽ ഉറപ്പുനൽകിയിരുന്നെന്ന് സി.എം.ആർ.എല്ലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇത് അന്നത്തെ ജഡ്ജി കേട്ടതാണെന്നും കപിൽ സിബൽ പറഞ്ഞു. എന്നാൽ, ഇതിൽ ജുഡീഷ്യൽ തെളിവിന്റെ അഭാവം കോടതി ചൂണ്ടിക്കാണിച്ചു. താനന്ന് കോടതിയിലില്ലായിരുന്നെന്നും ഇത്തരം ഉറപ്പിനെക്കുറിച്ച് അറിയില്ലെന്നും എ.എസ്.ജി എസ്.വി. രാജുവും വ്യക്തമാക്കി.
തുടർന്ന്, കുറ്റപത്രം നൽകില്ലെന്ന് എസ്.എഫ്.ഐ.ഒ വാക്കാലുള്ള ഉറപ്പുനൽകിയെന്ന് വാദമുയരുന്നതുകൊണ്ട് തന്നെ ജസ്റ്റിസ് സുബ്രഹ്മണ്യപ്രസാദ് ഹരജി പരിഗണിക്കട്ടെ എന്ന് ബെഞ്ച് നിലപാടെടുക്കുകയായിരുന്നു. ഇത് ചീഫ് ജസ്റ്റിസ് അംഗീകരിക്കുന്നതോടെയാണ് ഹരജി ജസ്റ്റിസ് സുബ്രമണ്യ പ്രസാദിന്റെ ബെഞ്ചിന്റെ പരിഗണനക്കെത്തുക.
വീണക്കെതിരെ കേസെടുക്കാൻ ഇ.ഡിയും
കൊച്ചി: മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തേക്കും. കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കാൻ ഇ.ഡി ഉന്നത ഉദ്യോഗസ്ഥർ തീരുമാനിച്ചതായി അറിയുന്നു. കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്.എഫ്.ഐ.ഒ) ഇ.ഡി കത്തയച്ചിട്ടുണ്ട്. വിചാരണക്കോടതിയായ എറണാകുളം അഡീഷനൽ സെഷൻസ് കോടതി എസ്.എഫ്.ഐ.ഒ കുറ്റപത്രം സൂക്ഷ്മ പരിശോധന നടത്തി കൈമാറിയ ശേഷമായിരിക്കും ഇ.ഡി അന്വേഷണം എന്നാണറിയുന്നത്. കേസിൽ വീണ ഉൾപ്പെടെയുള്ളവർക്കെതിരെ എസ്.എഫ്.ഐ.ഒ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ ഈ രേഖകൾ പരിശോധിച്ചശേഷം വീണക്കെതിരെ കേസെടുക്കാനാണ് ഇ.ഡിയുടെ നീക്കം. കേസിൽ വീണയെ വിചാരണ ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. വീണയും കമ്പനിയും സേവനം നൽകാതെ 2.72 കോടി വാങ്ങിയെന്നാണ് ആദായനികുതി വകുപ്പിന്റെയും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെയും കണ്ടെത്തൽ.