Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞായറാഴ്ചയോടെ...

ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം; ഡൽഹിയിൽ തിരക്കിട്ട ചർച്ച

text_fields
bookmark_border
ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം; ഡൽഹിയിൽ തിരക്കിട്ട ചർച്ച
cancel
camera_alt

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലേക്ക് പോകാൻ കന്റോൺമെന്‍റ് ഹൗസിൽനിന്ന് യാത്രതിരിക്കുന്ന വി.ഡി. സതീശൻ ഫോട്ടോ: പി.ബി. ബിജു

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച വി.ഡി. സതീശനും രമേശ് ചെന്നിത്തലക്കും കെ.സി. വേണുഗോപാലിനും ഒപ്പം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഖാർഗെ കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. ഇവർ വെള്ളിയാഴ്ച രാത്രി കേരള ഹൗസിലെത്തി. ഇവരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധിയുടെ അഭിപ്രായംകൂടി തേടിയ ശേഷം മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കും. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

നിയമസഭാംഗങ്ങളിൽ മൃഗീയ ഭൂരിപക്ഷം കെ.സി. വേണുഗോപാലിനാണെന്നും മുഖ്യ ഘടകകക്ഷികളുടെ പിന്തുണയും ജനങ്ങളുടെ പൊതുവികാരവും വി.ഡി. സതീശനാണെന്നും ഭരണപാടവവും സീനിയോറിറ്റിയും രമേശ് ചെന്നിത്തലക്കുണ്ടെന്നും നിരീക്ഷകർ ധരിപ്പിച്ചിട്ടുണ്ട്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ളതും കൂടുതൽ എം.എൽ.എമാർ അദ്ദേഹത്തിനൊപ്പമാണെന്ന റിപ്പോർട്ടും ഹൈകമാൻഡിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

ഒരാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ മറ്റു രണ്ടുപേരെ അനുനയിപ്പിക്കാനാണ് മൂവരെയും ഡൽഹിക്ക് വിളിച്ചത്. ഹൈകമാൻഡ് തീരുമാനം ധരിപ്പിച്ച ശേഷം തിരുവനന്തപുരത്ത് നിയമസഭാ കക്ഷി യോഗം വീണ്ടും വിളിച്ചാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഹൈകമാൻഡ് നിശ്ചയിച്ച ആളെ മൂവരിലൊരാൾ നാമനിർദേശം ചെയ്യും.രാഹുൽ ഗാന്ധി തന്റെ വലംകൈയായ കെ.സി. വേണുഗോപാലിനെ കേരളത്തിലേക്ക് അയച്ചാൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ സംഘടനാ ജനറൽ സെക്രട്ടറിയാക്കിയേക്കാമെന്ന ചർച്ച ഉണ്ടായിരുന്നു.

കേരളത്തിലെ പൊതുവികാരം കണക്കിലെടുത്ത് വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കേണ്ട എന്നാണ് രാഹുലിന്റെ തീരുമാനമെങ്കിൽ അദ്ദേഹത്തിന്റെ അഭിപ്രായം തേടും. സതീശന് അനുകൂലമായ പൊതുവികാരത്തിനപ്പുറം രമേശ് ചെന്നിത്തലയുടെ പേര് ആ നിലക്കാണ് ഡൽഹിയിൽ കേൾക്കുന്നത്.അതിനിടെ, കേരളത്തിലേതുപോലെ മുഖ്യമന്ത്രി തർക്കം ഡൽഹിയിലും തെരുവിലേക്കെത്തി. നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുന്നിൽ കെ.സി. വേണുഗോപാലിനെതിരെ ബോർഡുയർന്നു.

Show Full Article
TAGS:Kerala cheif minister Mallikarjun Kharge Rahul Gandhi KC Venugopal Congress 
News Summary - CM's announcement by Sunday; busy discussion in Delhi
Next Story