‘രാജ്യം മോദിയോട് ക്ഷമാപണം ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം രാജ്യത്തോട് ക്ഷമിച്ചിരിക്കുന്നു’; പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്.
വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ എക്സിൽ പരിഹസിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ആക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നതായും വെള്ളിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ മോദി പറഞ്ഞിരുന്നു. ‘ജന്തർ മന്തറിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യവും ലോകവും കണ്ടതാണ്. ചിലർ വളരെ മോശമായ പരാമർശം നടത്തി -ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത വാക്കുകളാണ് അവിടെ ഉയർന്നത്. എനിക്കെതിരെയും പരേതയായ അമ്മക്കെതിരെയും അസഭ്യവർഷമുണ്ടായി; അത് എത്രത്തോളം വികൃതമായിരുന്നു എന്ന് പറയാൻ പോലും കഴിയില്ല. എന്നാൽ ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കാം, ആ തെറ്റുകൾ തിരുത്താനുള്ള അവസരമാണിത്. സമൂഹത്തിലുണ്ടായ അമർഷം എനിക്ക് നന്നായി മനസ്സിലാകും; നമ്മുടെ പെൺകുട്ടികൾക്ക് എങ്ങനെ ഇതുപോലൊരു ഭാഷ സംസാരിക്കാൻ കഴിഞ്ഞു എന്നത് എല്ലാവരെയും ഞെട്ടിച്ചു.
എന്നാൽ ഈ കുട്ടികളെ ചേർത്തുപിടിച്ച് ശരിയായ പാത കാണിച്ചുകൊടുക്കേണ്ട സമയമാണിത്. വഴിതെറ്റിയ കുട്ടികളാണ് ഇവർ, അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുക എന്നത് നമ്മുടെ കടമയാണ്; അവരെ ശിക്ഷിച്ചതുകൊണ്ടോ, കോടതി കയറ്റിയതുകൊണ്ടോ, ഉപദ്രവിച്ചതുകൊണ്ടോ ഈ സാഹചര്യങ്ങൾ മാറ്റാൻ നമുക്ക് സാധിക്കില്ല. അവരോട് ക്ഷമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, സമൂഹവും എന്‍റെ ഈ അഭ്യർഥന സ്വീകരിക്കണം, കാരണം എന്‍റെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ: ചിലപ്പോഴൊക്കെ നമ്മുടെ സ്വന്തം നാക്ക് പല്ലുകൾക്കിടയിൽ കുടങ്ങി രക്തം വരാറുണ്ട്, പക്ഷേ അതിനായി നമ്മൾ പല്ലുകൾ അടിച്ചുകൊഴിക്കാറില്ല -കാരണം പല്ലും നമ്മുടേതാണ്, നാക്കും നമ്മുടേതാണ്. ഈ കുട്ടികളും നമ്മുടേതാണ്, അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ചുമതലയാണ്’ -വിഡിയോയിൽ മോദി പറയുന്നു.
നേരത്തെ, കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ യുവതിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. രുചിക സിങ് (25) ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതെന്നും അവരുടെ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും ഇത് സമൂഹത്തിൽ അനൈക്യം വളർത്താനും പൊതുസമാധാനം കെടുത്താനും ഇടയാക്കുമെന്നും കാട്ടി സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.


