യു.പിയിൽ ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തൽ; കോൺഗ്രസ് ആവശ്യപ്പെട്ടത് 181 സീറ്റ്: അഖിലേഷ് യാദവ്
text_fieldsലഖ്‌നൊ: അടുത്തവർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് 181 സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് സഖ്യകക്ഷിയും സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷനുമായ അഖിലേഷ് യാദവ്. എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന് എസ്.പി തീരുമാനിച്ചിട്ടുണ്ടെന്നും ഭരണകക്ഷിയായ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യാദവ് വ്യക്തമാക്കി.
യു.പിയിൽ ഭരണവും യാഥാർഥ്യവും മാറുമെന്നും സ്വകാര്യ ചാനൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.കോൺഗ്രസ് 180 സീറ്റുകളാണോ ആവശ്യപ്പെട്ടതെന്ന് ചോദിച്ചപ്പോൾ, “180-നോട് ഒന്ന് കൂട്ടുക” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോൺഗ്രസുമായി വളരെ നല്ല ബന്ധമാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
2024-ലെ ദേശീയ തെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യത്തിലേർപ്പെട്ട് കോൺഗ്രസ് തിരിച്ചുവരവിന് പ്രതീക്ഷ നൽകിയിരുന്നു. 1989 മുതൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിന് പുറത്താണ്.
2024-ൽ കോൺഗ്രസ്-എസ്.പി സഖ്യം ബി.ജെ.പിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ 43 എണ്ണം നേടുകയും 43.52% വോട്ടുകൾ സ്വന്തമാക്കുകയും ചെയ്തു. മത്സരിച്ച 17 സീറ്റുകളിൽ ആറെണ്ണത്തിൽ വിജയിച്ച കോൺഗ്രസ് 9.46% വോട്ടുകൾ നേടി. 2019-ൽ 62 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിയുടെ എണ്ണം 33 ആയി കുറഞ്ഞു, ഇതോടെ 2014-ന് ശേഷം ആദ്യമായി പാർലമെന്റിൽ ബി.ജെ.പിയുടെ ആകെ സീറ്റ് നില കേവലഭൂരിപക്ഷത്തിന് താഴെയെത്തി.
2022-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്, 2017-ൽ നേടിയ ഏഴ് സീറ്റുകളേക്കാൾ മോശം പ്രകടനമായിരുന്നു ഇത്. 2022-ൽ എസ്.പി 111 സീറ്റുകൾ നേടി.
2027 ആദ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഭരണഘടനാ ദിനമായ നവംബർ 26-ന് "ജൻ-മൻ പ്രകടനപത്രിക" പുറത്തിറക്കുമെന്ന് എസ്.പി പ്രഖ്യാപിച്ചിട്ടുണ്ട്.
2027-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയും എസ്.പി നേതൃത്വത്തിലുള്ള പ്രതിപക്ഷവും തമ്മിലായിരിക്കും പ്രധാന പോരാട്ടം. മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) വോട്ട് ബാങ്കിലുണ്ടായ ചോർച്ചയെക്കുറിച്ച് പ്രതികരിക്കാൻ യാദവ് വിസമ്മതിച്ചു.
2026-ലെ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലും 2024-ലെ ദേശീയ തെരഞ്ഞെടുപ്പിലും ബി.ജെ.പി നേരിട്ട തിരിച്ചടികൾ ചൂണ്ടിക്കാട്ടിയ യാദവ്, അവ നിർണായകമാണെന്ന് വിശേഷിപ്പിച്ചു.
ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലെ രണ്ട് സീറ്റുകളുൾപ്പെടെ അഞ്ച് സീറ്റുകൾ എസ്.പി നേടിയിരുന്നു. 2020-ൽ മൂന്ന് സീറ്റുകളാണ് എസ്.പിക്ക് ലഭിച്ചിരുന്നത്.
എസ്.പി എപ്പോഴും യുവാക്കൾക്കൊപ്പവും യുവാക്കൾക്ക് വേണ്ടിയുമാണ് നിലകൊണ്ടിട്ടുള്ളത്. ജെൻ സി ആഗ്രഹിക്കുന്നത് വ്യക്തതയാണ്, വ്യാജ വാഗ്ദാനങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു



