അങ്കം മുറുകി: രാഹുലിന് പിന്നിലുറച്ച് പ്രതിപക്ഷം
text_fieldsകോൺഗ്രസ് ബംഗളൂരുവിൽ നടത്തിയ വോട്ട് അധികാർ റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങിയവർ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട കർണാടക മഹാദേവപുരയിലെ വോട്ട് കൊള്ളയുടെ തെളിവുകൾ പലതും സ്വന്തം നിലക്ക് മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും തീർത്ത പ്രതിരോധം ദുർബലമായി. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പല സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടികകൾ കമീഷൻ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായെന്ന് പരാതികളുയർന്നെങ്കിലും വെള്ളിയാഴ്ച വൈകീട്ട് നിഷേധവുമായി കമീഷൻ രംഗത്തുവന്നു.
എല്ലാ സംസ്ഥാനങ്ങളുടെയും വെബ്സൈറ്റുകളും വോട്ടർ പട്ടികകളും ലഭ്യമാണെന്നാണ് വിശദീകരണം. രാഹുലിനെ മുന്നിൽ നിർത്തി ദേശവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ് തീരുമാനിക്കുക കൂടി ചെയ്തതോടെ രാഹുലും കമീഷനും തമ്മിലുള്ള അങ്കം മുറുകി.
അതേസമയം, തങ്ങളുടെ തന്നെ രേഖകൾ തെളിവാക്കി രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിഷേധിക്കാനോ അതിനോട് പരസ്യമായി പ്രതികരിക്കാനോ വാർത്തസമ്മേളനം വിളിക്കാനോ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ഇനിയും തയാറായിട്ടില്ല. അതിനുപകരം അനൗദ്യോഗിക സന്ദേശങ്ങൾ മാധ്യമങ്ങൾക്ക് അയക്കുകയാണ് കമീഷൻ.
സംസ്ഥാന കമീഷനുകളെ ഇറക്കി കേന്ദ്ര കമീഷൻ
വെളിപ്പെടുത്തലിലെ വോട്ടർമാരുടെ പേരുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയോടൊപ്പം രാഹുൽ ഗാന്ധി എഴുതി നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരെ കൊണ്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കത്തെഴുതിച്ചിരിക്കുന്നത്. അങ്ങനെ നൽകിയില്ലെങ്കിൽ അന്വേഷണം നടത്തില്ലെന്ന് മാത്രമല്ല, രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ, ആറ് മാസം എടുത്ത് സ്വന്തം നിലക്ക് നടത്തിയ അന്വേഷണത്തിന് കമീഷന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്ന് രാഹുൽ തിരിച്ചടിച്ചു.
അങ്കം മുറുകി: രാഹുലിന് പിന്നിലുറച്ച് പ്രതിപക്ഷം
രാഹുൽ ഗാന്ധിക്ക് പിന്നിൽ പ്രതിപക്ഷം പൂർണമായും ഉറച്ചുനിൽക്കുന്നതിനും വെളിപ്പെടുത്തൽ കാരണമായി. പ്രതിപക്ഷ മുന്നണിയിൽ പലപ്പോഴും ആടിക്കളിക്കാറുള്ള തൃണമുൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഈ വിഷയത്തിൽ അടിയുറച്ച് രാഹുലിന് പിന്നിലുണ്ട്. വാർത്തസമ്മേളനത്തിന് പിന്നാലെ രാത്രി നടത്തിയ അത്താഴ വിരുന്നിലും വോട്ട് കൊള്ള അവതരിപ്പിച്ച് പ്രതിപക്ഷ നേതാക്കളെ കൊണ്ട് സമുഹ മാധ്യമങ്ങളിൽ പങ്കുവെപ്പിക്കാൻ രാഹുലിന് കഴിഞ്ഞു. വ്യാഴാഴ്ച വാർത്തസമ്മേളനങ്ങൾ ലൈവായി നൽകാതിരുന്ന മാധ്യമങ്ങൾ പോലും സ്വന്തം നിലക്ക് അന്വേഷണം നടത്തി രാഹുലിന്റെ പല വെളിപ്പെടുത്തലുകളും ശരിവെക്കാനും തുടങ്ങി.