കോൺഗ്രസ് പുനഃസംഘടന; ഹൈകമാൻഡിനെ അതൃപ്തി അറിയിച്ച് നേതാക്കൾ
text_fieldsന്യൂഡൽഹി: കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി കെ.പി.സി.സി പുനഃസംഘടനയിലെ അതൃപ്തി ഹൈകമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേരള നേതാക്കളുടെ വിമർശനം.
പുനഃസംഘടനയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പരിഹരിക്കാനാണ് കേരളത്തിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ അടക്കം മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് ചൊവ്വാഴ്ച അടിയന്തരമായി വിളിപ്പിച്ചത്.
കോൺഗ്രസിൽ അനൈക്യമുണ്ടാക്കുന്നത് നേതാക്കളാണെന്ന് കെ. സുധാകരൻ തുറന്നടിച്ചു. പുനഃസംഘടനയിലെ അതൃപ്തി ഹൈകമാൻഡിന്റെ മുഖത്ത് നോക്കി പറഞ്ഞുവെന്ന് കെ. സുധാകരൻ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അനൈക്യം തടയാനുള്ള നടപടി ഹൈകമാൻഡിനെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിൽ തർക്കമൊന്നുമില്ലെന്നും വിവിധ വിഷയങ്ങളിലുണ്ടാകുന്ന ഭിന്നാഭിപ്രായങ്ങളെല്ലാം തർക്കങ്ങളായി കൂട്ടരുതെന്നും സുധാകരൻ പറഞ്ഞു.
അതൃപ്തി ശരിവെച്ച് ഖാർഗെ
സുധാകരൻ അടക്കമുള്ള നേതാക്കൾ അതൃപ്തി അറിയിച്ചത് ശരിവെച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്ലാക്കാര്യവും മാധ്യമങ്ങളോട് പറയാനാകില്ലെന്ന് പ്രതികരിച്ചു. കേരളത്തിൽ 100 ശതമാനവും വിജയിക്കുമെന്ന് അവകാശപ്പെട്ട ഖാർഗെ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾ ആരെയെങ്കിലും നിർദേശിച്ചാൽ ചർച്ച ചെയ്യാമെന്ന് പരിഹസിച്ചു.
ഇങ്ങനെ പോയാലും ജയിക്കുമെന്ന് സണ്ണി ജോസഫ്
സുധാകരന്റെ വിമർശനം കേരള ചുമതലയുള്ള ദീപദാസ് മുൻഷിയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഒരുമിച്ച് തള്ളി. പാർട്ടിയിൽ ഐക്യമില്ലാതെ എല്ലാവരെയുമെങ്ങനെ ഒരുമിച്ച് കാണുമെന്ന് ദീപദാസ് ചോദിച്ചു. സുധാകരൻ നടത്തിയത് ഒരു പൊതുപ്രസ്താവനയാണെന്നും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിയിൽ അനൈക്യമില്ലെന്ന് അവകാശപ്പെട്ട സണ്ണി ജോസഫ് സുധാകരന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെ പോയാൽ തന്നെ ജയിക്കുമെന്നാണ് പ്രതികരിച്ചത്.


