Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആർ.എസ്.എസിന്റെ...

‘ആർ.എസ്.എസിന്റെ പ്രവർത്തനം ഗാന്ധിവധത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് സർദാർ വല്ലഭായ് പട്ടേൽ അന്ന് പറഞ്ഞു,’ മോദിക്ക് ധാരണയു​ണ്ടോയെന്ന് കോൺഗ്രസ്

text_fields
bookmark_border
‘ആർ.എസ്.എസിന്റെ പ്രവർത്തനം ഗാന്ധിവധത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് സർദാർ വല്ലഭായ് പട്ടേൽ അന്ന് പറഞ്ഞു,’ മോദിക്ക് ധാരണയു​ണ്ടോയെന്ന് കോൺഗ്രസ്
cancel

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) പ്രവർത്തനങ്ങൾ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച അന്തരീക്ഷമുണ്ടാക്കിയെന്ന് സർദാർ വല്ലഭായ് പട്ടേൽ പറഞ്ഞതിനെ കുറിച്ച് മോദിക്ക് ധാരണയുണ്ടോയെന്ന് കോൺഗ്രസ്. രാഷ്ട്രനിർമ്മാണത്തിൽ ആർ‌.എസ്‌.എസിന്റെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതിന് പിന്നാലെയാണ് ചരിത്രം ഓർമപ്പെടുത്തി കോൺഗ്രസ് വക്താവ് ജയറാം രമേശിന്റെ എക്സിലെ കുറിപ്പ്.

‘പ്രധാനമന്ത്രി ബുധനാഴ്ച ആർ‌.എസ്‌.എസിനെക്കുറിച്ച് ധാരാളം സംസാരിച്ചു. 1948 ജൂലൈ 18 ന് സർദാർ പട്ടേൽ ഡോ. ശ്യാമ പ്രസാദ് മുഖർജിക്ക് എഴുതിയതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമോ?’ ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേൽ, മുഖർജിക്ക് എഴുതിയ ഒരു കത്തിൽ നിന്നുള്ള ഭാഗങ്ങൾ പങ്കുവെച്ചായിരുന്നു ജയറാം രമേശിന്റെ കുറിപ്പ്.

‘ആർ‌.എസ്‌.എസിനെയും ഹിന്ദു മഹാസഭയെയും സംബന്ധിച്ചിടത്തോളം, ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. രണ്ട് സംഘടനകളുടെയും പങ്കാളിത്തത്തെക്കുറിച്ച് ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ രണ്ട് സംഘടനകളുടെയും, പ്രത്യേകിച്ച് ആദ്യത്തേതിന്റെ പ്രവർത്തനങ്ങളുടെ ഫലമായി, രാജ്യത്ത് ഇത്തരമൊരു ഭയാനകമായ ദുരന്തം സാധ്യമാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു എന്ന് ഞങ്ങളുടെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെയും ഭരണകൂടത്തിന്റെയും നിലനിൽപ്പിന് വ്യക്തമായ ഭീഷണിയായിരുന്നു. നിരോധനം ഉണ്ടായിരുന്നിട്ടും ആ പ്രവർത്തനങ്ങൾ നിലച്ചിട്ടില്ലെന്ന് ഞങ്ങളുടെ റിപ്പോർട്ടുകൾ കാണിക്കുന്നു. തീർച്ചയായും, കാലം കടന്നുപോകുന്തോറും, ആർ.എസ്.എസ് വൃത്തങ്ങൾ കൂടുതൽ ധിക്കാരികളാകുകയും അവരുടെ വിധ്വംസക പ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപൃതരാകുകയും ചെയ്യുന്നു,’- സർദാർ പട്ടേൽ ഡോ. ശ്യാമ പ്രസാദ് മുഖർജിക്ക് എഴുതിയ കത്തിൽ പറയുന്നു.


അതേസമയം, ബുധനാഴ്ച ആർ‌.എസ്‌.എസിനെ അളവഴിഞ്ഞ് പ്രശംസിച്ച മോദി, നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടും സംഘടന ഒരിക്കലും ഒരു വിദ്വേഷവും പ്രകടിപ്പിച്ചിട്ടില്ലെന്നും, ‘ആദ്യം രാഷ്ട്രം’ എന്ന തത്വത്തിൽ അവർ പ്രവർത്തിക്കുന്നത് തുടർന്നുവെന്നും പറഞ്ഞിരുന്നു.

ബുധനാഴ്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌.എസ്‌.എസ്) ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കവേയായിരുന്നു മോദിയുടെ വാക്കുകൾ.

‘സംഘം ബ്രിട്ടീഷുകാരുടെ അതിക്രമങ്ങൾക്കെതിരെ പോരാടിയിട്ടുണ്ട്. അവരുടെ ഏക താൽപര്യം എപ്പോഴും രാഷ്ട്രസ്നേഹമായിരുന്നു,’-പ്രധാനമന്ത്രി പറഞ്ഞു. ആർ.എസ്.എസ് വളണ്ടിയർമാർ സ്വാതന്ത്ര്യസമര സേനാനികൾക്ക് അഭയം നൽകിയിരുന്നുവെന്നും സ്വാതന്ത്ര്യസമരകാലത്ത് അതിന്റെ നേതാക്കളെ ജയിലിലടച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ ഉന്നയിച്ചും വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തും ആർ‌.എസ്‌.എസിന്റെ മനോഭാവം തകർക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘നല്ലതും ചീത്തയും ഒരുപോലെ അംഗീകരിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മൾ, അതുകൊണ്ട് തന്നെ ആർ.എസ്.എസിനെതിരെ കള്ളക്കേസുകൾ ചുമത്തുന്നതും നിരോധിക്കുന്നതുമടക്കം വെല്ലുവിളികൾ ഉയർത്തിയിട്ടും അവർ ഒരിക്കലും വിദ്വേഷം പ്രകടിപ്പിച്ചില്ല,’- ഗാന്ധി വധത്തിന് പിന്നാലെ സംഘത്തിനേർപ്പെടുത്തിയ നിരോധനം പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു.

Show Full Article
TAGS:Sardar Vallabhbhai Patel Congress RSS Narendra Modi 
News Summary - Congress reminds PM Narendra Modi of Sardar Patel
Next Story