പ്രതിപക്ഷത്തിന് നുഴഞ്ഞുകയറ്റക്കാരോട് മൃദുസമീപനം, ശ്രീരാമനോട് അനിഷ്ടം -മോദി
text_fieldsനരേന്ദ്ര മോദി
ഭഗൽപൂർ/ അരാരിയ: ബിഹാറിലെ ആർ.ജെ.ഡി-കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് നുഴഞ്ഞുകയറ്റക്കാരോട് മൃദുസമീപനമാണെന്നും വോട്ടുബാങ്ക് രാഷ്ട്രീയം കാരണം ശ്രീരാമനോട് അനിഷ്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗൽപൂർ, അരാരിയ ജില്ലകളിൽ എൻ.ഡി.എ റാലികളിലാണ് മോദിയുടെ പരാമർശം. നിഷാദ് രാജ്, മാതാ ശബരി, മഹർഷി വാൽമീകി എന്നിവരുടെ പ്രതിഷ്ഠയുള്ള അമ്പലങ്ങളിൽ ദർശനം നടത്തേണ്ടിവരുന്നതിനാലാണ് പ്രതിപക്ഷ നേതാക്കൾ അയോധ്യ സന്ദർശിക്കാൻ മടിക്കുന്നത്. ദലിതരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള അവരുടെ ‘വെറുപ്പിനെ’ ഇത് സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
15 വർഷത്തെ ‘ജംഗിൾരാജി’ൽ ബിഹാറിൽ വികസനം പൂജ്യമായിരുന്നു. ഹൈവേകളോ പാലങ്ങളോ നിർമിച്ചില്ല. ഉന്നത പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചില്ല. ആ കാലഘട്ടത്തിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ വളരെയധികം പരിശ്രമിച്ചെന്ന് മോദി അവകാശപ്പെട്ടു. രാജ്യത്തുനിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കാൻ എൻ.ഡി.എ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കോൺഗ്രസ്-ആർ.ജെ.ഡി അവർക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുകയാണ്. കുടിയേറ്റക്കാർക്ക് അനുകൂലമായി രാഷ്ട്രീയ യാത്രകൾ നടത്തുന്നു, തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങൾ കൊണ്ടുവരുന്നു- പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയെയും വോട്ട് മോഷണ ആരോപണങ്ങളെയും പരോക്ഷമായി പരാമർശിച്ച് പ്രധാനമന്ത്രി ആരോപിച്ചു.
വോട്ടുകൊള്ള തടയൽ യുവാക്കളുടെ ഉത്തരവാദിത്തം -രാഹുൽ
പൂർണിയ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എല്ലാ ശക്തിയും ഉപയോഗിച്ച് വോട്ടുകൊള്ളക്ക് ശ്രമിക്കുമെന്നും അതിനെതിരെ പ്രവർത്തിക്കേണ്ടത് യുവാക്കളുടെ ഉത്തരവാദിത്തമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി വോട്ടുകൾ മോഷ്ടിച്ച് തെരഞ്ഞെടുപ്പുകൾ ജയിക്കുകയാണെന്ന് റാലിയിൽ രാഹുൽ പറഞ്ഞു.
‘ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഹരിയാനയിൽ വോട്ട് മോഷ്ടിച്ചെന്ന് ഞങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു. ബിഹാറിലും അവർ ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മോഷണം അവസാനിപ്പിച്ച് ഭരണഘടനയെ രക്ഷിക്കേണ്ടത് ബിഹാറിലെ യുവാക്കളുടെ ഉത്തരവാദിത്തമാണ്. പോളിങ് ബൂത്തുകളിൽ ജാഗ്രത പാലിക്കണമെന്നും രാഹുൽ അഭ്യർഥിച്ചു. യുവാക്കൾക്ക് തൊഴിലില്ലാതെ, ശതകോടീശ്വരന്മാരുടെ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
ആർ.ജെ.ഡി പ്രവർത്തകർ ആക്രമിച്ചതായി ഉപമുഖ്യമന്ത്രി
ലഖിസരായി: വോട്ടർമാരെ ഭീഷണിപ്പെടുത്തുകയായിരുന്ന ആർ.ജെ.ഡി പ്രവർത്തകർ തന്റെ വാഹനവ്യൂഹം ആക്രമിച്ചതായി ബിഹാർ ഉപ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് കുമാർ സിൻഹ. സംഭവത്തിൽ കർശന നപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നിർദേശം നൽകി. രാവിലെ മുതൽ ആർ.ജെ.ഡി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും സ്ഥലം എസ്.പി ഭീരുവാണെന്നും സിൻഹ പറഞ്ഞു. തന്റെ വാഹനവ്യൂഹത്തിലെ കാറിന് നേരെ കല്ലും ചെരിപ്പുകളും ചാണകവും എറിഞ്ഞു. ബി.ജെ.പി പ്രവർത്തകൻ മർദനമേറ്റ് ആശുപത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു. സിൻഹ കള്ളം പറയുകയാണെന്നും അദ്ദേഹത്തെ ആരും ആക്രമിച്ചിട്ടില്ലെന്നും ആർ.ജെ.ഡി വക്താവ് ശക്തി യാദവ് പറഞ്ഞു.


