സുരക്ഷാ വീഴ്ചയും ഇന്റലിജൻസ് പരാജയവുമുണ്ടായെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പഹൽഗാമിൽ സുരക്ഷാ വീഴ്ചയും ഇന്റലിജൻസ് പരാജയവുമുണ്ടായെന്ന് വ്യക്തമാണെന്ന് കോൺഗ്രസ്. വീഴ്ചകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭീരുക്കൾ നടത്തിയ പഹൽഗാം ആക്രമണം പാകിസ്താൻ ആസൂത്രണംചെയ്തതാണെന്നും നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ പ്രമേയം ഉദ്ധരിച്ച് നേതാക്കൾ അറിയിച്ചു.
പഹൽഗാം കനത്ത സുരക്ഷയുള്ള പ്രദേശമാണ്. മൂന്ന് തലങ്ങളിലുള്ള ക്രമീകരണങ്ങളാൽ സുരക്ഷിതവുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിലുള്ള പ്രദേശത്ത് ഇന്റലിജൻസ് പരാജയങ്ങളെയും സുരക്ഷാ വീഴ്ചകളെയും കുറിച്ച് സമഗ്രമായ വിശകലനം നടത്തേണ്ടത് അത്യാവശ്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഐക്യത്തോടെ നിൽക്കേണ്ട സമയത്ത് ഭിന്നതയും ധ്രുവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ബി.ജെ.പി ദുരന്തത്തെ ചൂഷണംചെയ്യുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. ഭീകരാക്രമണത്തിൽ അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു. അഗാധമായ വേദനയുടെ നിമിഷത്തിൽ ഇരകളുടെ കുടുംബങ്ങൾക്കൊപ്പം പൂർണഹൃദയത്തോടെ നിലകൊള്ളുന്നു.
പാകിസ്താൻ ആസൂത്രണംചെയ്ത ഈ ഭീരുത്വം നിറഞ്ഞ ആക്രമണം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണ്. ഹിന്ദുക്കളെ മനഃപൂർവം ലക്ഷ്യംെവച്ചത് രാജ്യത്തുടനീളമുള്ള വികാരങ്ങൾ ആളിക്കത്തിക്കുന്നതിനാണ്. അമർനാഥ് യാത്ര തീർഥാടകരുടെ സുരക്ഷ ദേശീയ മുൻഗണനയായി കണക്കാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.