കർണാടകയിൽ ആർ.എസ്.എസുമായി കൊമ്പുകോർക്കാൻ തന്നെ തീരുമാനം; അംബേദ്കർ മനുസ്മൃതി കത്തിച്ചതിന്റെ 100-ാം വാർഷികം ആഘോഷിക്കാൻ കോൺഗ്രസ്
text_fieldsബെംഗളുരു: പ്രവർത്തന നിരോധനമടക്കം നടപടികളിൽ വിവാദങ്ങൾ പുകയുന്നതിനിടെ കർണാടകയിൽ ആർ.എസ്.എസുമായി നേരിട്ട് കൊമ്പുകോർക്കാനുറച്ച് കോൺഗ്രസ്. ആർ.എസ്.എസ് 100-ാം വാർഷികാഘോഷം നടത്തുമ്പോൾ അംബേദ്കർ മനുസ്മൃതി കത്തിച്ചതിന്റെ 100-ാം വാർഷികം ആഘോഷിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
സർക്കാർ സ്ഥാപനങ്ങളുടെ പരിസരത്ത് ആർ.എസ്.എസ് പ്രവർത്തനങ്ങൾ വിലക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ ബി.ജെ.പി, ആർ.എസ്.എസ് കേന്ദ്രങ്ങൾ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് പാർട്ടിയുടെ പുതിയ നീക്കം. ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്തിരുന്നു. പ്രിയങ്ക് ഖാർഗെക്ക് ശക്തമായ പിന്തുണ നൽകാനാണ് പാർട്ടി ഹൈകമാൻഡിന്റെ തീരുമാനം.
പ്രിയങ്ക് വിമർശനമുയർത്തിയപ്പോഴൊക്കെ അംബേദ്കറിനെ തോൽപ്പിച്ചത് കോൺഗ്രസാണെന്ന് ചൂണ്ടിയാണ് ആർ.എസ്.എസും ബി.ജെ.പിയും പ്രതിരോധമുയർത്തിയിരുന്നത്. കോൺഗ്രസ് അംബേദ്കറെ അപമാനിച്ചുവെന്ന് ചൂണ്ടി ദളിത് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയതോടെ നിയമസഭയിലും പുറത്തും മുമ്പും വിഷയം സജീവ ചർച്ചയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അംബേദ്കർ മനുസ്മൃതി കത്തിച്ചതിന്റെ 100-ാം വാർഷികം ആഘോഷിക്കുന്നതിലൂടെ ദളിത്,പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ കൂടുതൽ കടന്നുചെല്ലാനാവുമെന്നും ദളിത് നേതാക്കളെ മുൻനിർത്തിയുള്ള ബി.ജെ.പിയുടെ പ്രതിരോധത്തെ തകർക്കാമെന്നുമാണ് പാർട്ടി കണക്കുകൂട്ടുന്നത്.
അംബേദ്കർ മനുസ്മൃതി കത്തിച്ചതിന്റെ 100-ാം വാർഷികമടുത്തിരിക്കെ പാർട്ടിയുടെ മുതിർന്ന നേതാക്കളെയടക്കം ഉൾപ്പെടുത്തി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് കോൺഗ്രസ് നിയമസഭാംഗമായ രമേഷ് ബാബു പറഞ്ഞു. ബി.ജെ.പിയുടെ ദളിത് നേതാക്കൾ അംബേദ്കർ മനുസ്മൃതി കത്തിച്ചതിന്റെ വാർഷികാഘോഷത്തിൽ നിലപാട് വ്യക്തമാക്കട്ടെയെന്നും രമേഷ് ബാബു പറഞ്ഞു.
1927 ൽ മഹാരാഷ്ട്രയിൽ ഡോ. ബി.ആർ. അംബേദ്കറിന്റെ നേതൃത്വത്തിൽ നടന്ന മഹദ് സത്യഗ്രഹത്തിലാണ് അദ്ദേഹം മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചത്.
ത്രിവർണ്ണ പതാകക്ക് പകരം ഭഗവദ് ദ്വജവും ഭരണഘടനക്ക് പകരം മനുസ്മൃതിയും ഉയർത്തുന്ന സംഘപരിവാർ നേതാക്കൾ എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്നതെന്ന് രമേഷ് ബാബു ചോദിച്ചു. ദലിത് സംഘർഷ സമിതിയുടെ (ഡി.എസ്.എസ്) നേതൃത്വത്തിൽ പ്രത്യേക പ്രതിഷേധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘടന നേതാവ് മാവള്ളി ശങ്കറും വ്യക്തമാക്കിയിട്ടുണ്ട്.


