"കോൺഗ്രസ് ഒരിക്കലും പഠിക്കില്ല"- വിമർശനവുമായി ക്യാപ്റ്റൻ അമരീന്ദർ സിങ്
text_fieldsലുധിയാന: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ്. തോൽവിയിൽ നിന്ന് കോൺഗ്രസ് ഒരിക്കലും പാഠം പഠിക്കില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ കീഴിലുള്ള നാലരവർഷ കാലത്തെ ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിന്‍റെ പരാജയത്തിന് കാരണമായതെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ദയനീയ പരാജയത്തിന് ആരാണ് ഉത്തരവാദിയെന്ന് അമരീന്ദർ സിങ് ട്വിറ്ററിൽ ചോദിച്ചു. ഇതിന്‍റെ ഉത്തരം ചുവരിൽ ബോൾഡ് അക്ഷരങ്ങളിൽ തന്നെ എഴുതിയിട്ടുണ്ടെന്നും എന്നാൽ എല്ലായ്പ്പോഴും കോൺഗ്രസ് അത് മനസ്സിലാക്കാന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിയുമായി സഖ്യത്തിൽ ചേർന്ന് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചാണ് അമരീന്ദർ സിങ് ഇപ്രാവശ്യത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാന്‍ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ഡലത്തിൽ പോലും അമരീന്ദർ സിങ്ങിന് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള കടുത്ത അധികാര തർക്കത്തെതുടർന്നാണ് കഴിഞ്ഞവർഷം സിങ് പാർട്ടിയിൽ നിന്ന് പുറത്തുപോയത്.