പുതുച്ചേരി എൻ.ഡി.എയിൽ സമവായം; സാന്റിയാഗോ മാർട്ടിന്റെ മകന്റെ പാർട്ടിയും ബി.ജെ.പി സഖ്യത്തിൽ
text_fieldsചെന്നൈ: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതുച്ചേരിയിൽ ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻ.ഡി.എ) സീറ്റ് വിഭജനത്തിൽ സമവായം. ആകെയുള്ള 30 സീറ്റിൽ അഖിലേന്ത്യ എൻ.ആർ കോൺഗ്രസ് 16 എണ്ണത്തിൽ മത്സരിക്കും. ബി.ജെ.പിക്ക് പത്തും അണ്ണാ ഡി.എം.കെ, ‘ലോട്ടറി രാജാവ്’ മാർട്ടിന്റെ മകൻ ജോസ് ചാർലസ് മാർട്ടിൻ നയിക്കുന്ന ലക്ഷ്യ ജനനായക കക്ഷി എന്നിവക്ക് രണ്ട് സീറ്റ് വിതവും നൽകി. ജോസ് ചാർലസ് മാർട്ടിന്റെ പാർട്ടിയെ മുന്നണിയിലുൾപ്പെടുത്താനാവില്ലെന്ന് എൻ.ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ എൻ. രംഗസാമി നിലപാട് സ്വീകരിച്ചതോടെയാണ് മുന്നണിയിൽ അസ്വാരസ്യമുണ്ടായത്.
ഒടുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതോടെയാണ് രംഗസാമി വഴങ്ങിയത്. പത്രിക സമർപ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെ ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിൽ സീറ്റ് വിഭജന തർക്കം പരിഹരിക്കാനായിട്ടില്ല. ഇതുമായി ബന്ധെപ്പട്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ കണ്ട് ചർച്ച നടത്തി. അതിനിടെ ഒറ്റക്ക് ജനവിധി തേടുന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) 30 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥി പട്ടിക പാർട്ടി അധ്യക്ഷൻ വിജയ് പുറത്തുവിട്ടു.


