മുഈദ് ഖാനെ കോടതി വെറുതെ വിട്ടു
text_fieldsന്യൂഡൽഹി: അയോധ്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്ത സമാജ് വാദി പാർട്ടി നേതാവ് മുഈദ് ഖാനെ വെറുതെവിട്ട് കോടതി.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഈദ് ഖാൻ നിരപരാധിയാണെന്ന് വ്യക്തമാക്കിയാണ് കോടതി വെറുതെ വിട്ടത്.
12 വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ കഴിഞ്ഞ വർഷം ജൂലൈ 29ന് പുരകലന്ദർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് മുഈദ് ഖാനെയും ജീവനക്കാരനായ രാജു ഖാനെയും അറസ്റ്റ് ചെയ്തത്.
ഇരുവരുടെയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് നടത്തിയ ഫോറൻസിക് പരിശോധനയാണ് മുഈദ് ഖാന് തുണയായത്.
ഇരയിൽനിന്ന് ശേഖരിച്ച സാമ്പിളുമായി മുഈദ് ഖാന്റെ ഡി.എൻ.എ റിപ്പോർട്ടുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഡി.എൻ.എ പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ രാജു ഖാനെതിരെ ജനുവരി 29ന് കോടതി ശിക്ഷ വിധിക്കും.
കേസിൽ അന്വേഷണം നടക്കുന്നതിനിടെ മുഈദ് ഖാന്റെ വീടും ബേക്കറിയും അയോധ്യ ജില്ല ഭരണകൂടം മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയിരുന്നു. ബുൾഡോസറുകൾ നീതിയേക്കാൾ വേഗത്തിൽ എത്തിയെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.


