Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി.കെ സക്സേന നൽകിയ...

വി.കെ സക്സേന നൽകിയ മാനനഷ്ടക്കേസിൽ മേധ പട്കർക്കെതിരെ ജാമ്യമില്ലാ വാറന്റ്

text_fields
bookmark_border
വി.കെ സക്സേന നൽകിയ മാനനഷ്ടക്കേസിൽ   മേധ പട്കർക്കെതിരെ ജാമ്യമില്ലാ വാറന്റ്
cancel

ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന സമർപിച്ച 24 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധ പട്കറിനെതിരെ ഡൽഹിയിലെ സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. നിയമപരമായ ആശ്വാസം ദുരുപയോഗം ചെയ്‌തുവെന്നും കോടതി നിർദേശങ്ങളിൽ അനാദരവ് കാണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വാറന്റ്.

ഏപ്രിൽ 23ന് മേധ പട്കറിനോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടെങ്കിലും അവർക്ക് അതിനു കഴിഞ്ഞിരുന്നില്ല. മേധാ പട്കർ വിഡിയോ കോളിലൂടെ വാദം കേൾക്കലിൽ പങ്കെടുത്തു. എന്നാൽ, നേരിട്ട് വരാതിരുന്നതും ശിക്ഷാ നിയമങ്ങൾ പാലിക്കാതിരുന്നതുമായ അവരുടെ തീരുമാനം മനഃപൂർവം കോടതി നടപടികളിൽ നിന്നുള്ള ഒഴിഞ്ഞു മാറ്റമായി തോന്നിയെന്ന് കോടതി വിമർശിച്ചു.

ഈ അസാന്നിധ്യത്തെ സെഷൻസ് കോടതി കർശനമായി നിരീക്ഷിക്കുകയും മുൻ ശിക്ഷാ ഉത്തരവ് അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. മെയ് 3ന് പട്കർ കോടതിയിൽ ഹാജറാകണമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി വിശാൽ സിങ് ഉത്തരവിട്ടു. ജാമ്യമില്ലാ വാറന്റിനെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർ നടപടികൾക്കും കോടതി അതേ തീയതി നിശ്ചയിച്ചു.

ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഫയൽ ചെയ്ത 23 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ 2024 ജൂലൈയിൽ മേധാ പട്കർ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, അവരുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് നഷ്ടപരിഹാര തുകയും പ്രൊബേഷൻ ബോണ്ടും സമർപ്പിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ട് കോടതി അവർക്ക് പ്രൊബേഷൻ അനുവദിച്ചിരുന്നു.

2025 ഏപ്രിൽ എട്ടിലെ കോടതി ഉത്തരവിൽ മേധാ പട്കറിനോട് ഈ വ്യവസ്ഥകൾ പാലിക്കാൻ നിർദേശിച്ചു. എന്നാൽ, അവ പാലിക്കുന്നതിൽ അവർ തുടർച്ചയായി പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അതേസമയം, ഹൈകോടതിയിൽ അപ്പീൽ പരിഗണിക്കാനുണ്ടെന്നും അതിനാൽ നിലവിലെ നടപടികൾ വൈകിപ്പിക്കണമെന്നും മേധയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.

എന്നാൽ, വാറന്റ് ഉത്തരവ് പ്രഖ്യാപിച്ച കോടതി 69 കാരിയായ മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അവർക്ക് കഠിന തടവ് ശിക്ഷ നൽകിയിട്ടില്ലെന്ന് പറഞ്ഞു. മേധ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിഗണിക്കുന്നതുവരെ ജയിൽ ശിക്ഷ 30 ദിവസത്തേക്ക് നിർത്തിവെക്കും.

എന്താണ് കേസ്?

2000 മുതൽ സക്‌സേനക്കെതിരെ നിയമയുദ്ധത്തിൽ ഏർപ്പെട്ടിരുന്ന മേധ, ‘നർമ്മദ ബച്ചാവോ ആന്ദോളൻ’ എന്ന തന്റെ സംഘടനക്കെതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് കേസ് ഫയൽ ചെയ്തിരുന്നു. സക്‌സേന അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻ‌.ജി.‌ഒ ‘നാഷനൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസി’ന്റെ മേധാവിയായിരുന്നു.

ഒരു ടി.വി ചാനലിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സക്‌സേന അവർക്കെതിരെ രണ്ട് കേസുകൾ ഫയൽ ചെയ്തു.




Show Full Article
TAGS:medha patkar VK Saxena defamation case non bailable warrant 
News Summary - Court issues non-bailable warrant against Medha Patkar in VK Saxena defamation case
Next Story