വിദ്വേഷ പ്രസംഗം: ആർ.എസ്.എസ് നേതാവിന്റെ അറസ്റ്റിന് കോടതി വിലക്ക്
text_fieldsമംഗളൂരു: മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുന്ന, സ്ത്രീത്വത്തോട് അനാദരവ് പ്രകടിപ്പിക്കുന്ന പ്രസംഗം നടത്തിയതിന് കേസെടുത്ത ആർ.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്യുന്നത് വിലക്ക് കോടതി. കർണാടകയിലെ ആർ.എസ്.എസിന്‍റെ മുതിർന്ന നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനെതിരെ അടുത്ത വാദം കേൾക്കൽ വരെ അറസ്റ്റ് ഉൾപ്പെടെ യാതൊരു നടപടികളും സ്വീകരിക്കരുതെന്ന് പുത്തൂരിലെ അഡീ. ജില്ല സെഷൻസ് കോടതി (ആറ്) ഉത്തരവിട്ടു.
ഈ മാസം 20 ന് പുത്തൂരിലെ ഉപ്പലിഗെയിൽ നടന്ന ദീപോത്സവ പരിപാടിയിൽ ഭട്ട് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. ഭട്ടിന്റെ പ്രസംഗം പ്രകോപനപരവും സ്ത്രീകളോട് അനാദരവ് കാണിക്കുന്നതുമാണെന്ന് ആരോപിച്ച് ഈശ്വരി പദ്മുഞ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ബി.എൻ.എസ് 79, 196, 299, 302, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് ഭട്ടിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് പുത്തൂർ റൂറൽ പൊലീസ് അന്വേഷണത്തിനായി വിളിച്ചുവരുത്തി നോട്ടീസ് നൽകി.
ഇതോടെ എഫ്.ഐ.ആർ ചോദ്യം ചെയ്ത് ഭട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരായ കേസ് ദുരുദ്ദേശ്യപരവും വിദ്വേഷം പ്രേരിതവുമാണെന്ന് വാദിച്ചാണ് ആർ.എസ്.എസ് നേതാവ് കോടതിയിലെത്തിയത്. തുടർന്ന് പൊലീസിന് നോട്ടീസ് അയച്ച കോടതി, വാദം കേൾക്കൽ നാളെത്തേക്ക് മാറ്റിയിരിക്കുകയാണ്.


