‘രാഹുൽ ഗാന്ധി രാഷ്ട്രീയ പക്വതയാർജിച്ചു; ബി.ജെ.പിയെയും മോദിയെയും നേരിട്ട് വെല്ലുവിളിക്കുന്നു’; പ്രശംസയുമായി ഡി. രാജ
text_fieldsഡി. രാജ, രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി രാഷ്ട്രീയമായി ഏറെ പക്വത പ്രകടിപ്പിക്കുന്നുവെന്നും പ്രഭാവമുള്ള നേതാവായി അദ്ദേഹം വളർന്നു കഴിഞ്ഞെന്നും സി.പി.ഐ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡി. രാജ. ‘ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവിനെ രാജ മുക്തകണ്ഠം പ്രശംസിച്ചത്. ചണ്ഡിഗഢിൽ കഴിഞ്ഞ ദിവസം സമാപിച്ച 25-ാം പാർട്ടി കോൺഗ്രസിലാണ് സി.പി.ഐ സെക്രട്ടറിയായി രാജ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇൻഡ്യ മുന്നണിയുടെ നിലവിലെ അവസ്ഥ, മുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ സി.പി.ഐയുടെ റോൾ, രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി, മാർക്സിസത്തിന്റെ പ്രസക്തി തുടങ്ങിയ കാര്യങ്ങളിൽ രാജ പ്രതികരിക്കുന്നു..
പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയെ എങ്ങനെ വിലയിരുത്തുന്നു?
വളരെ ഫലപ്രദമായി ഇടപെടുന്ന രാഷ്ട്രീയക്കാരനായി രാഹുൽ ഗാന്ധി ഉയർന്നുകഴിഞ്ഞു. ഈയിടെ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ഞങ്ങൾ സർവകക്ഷി യോഗം ചേർന്നിരുന്നു. മഹാരാഷ്ട്രയിലെയും മറ്റു പല സംസ്ഥാനങ്ങളിലെയും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ഉദാഹരണ സഹിതം അദ്ദേഹം മികച്ച രീതിയിലാണ് അത് അവതരിപ്പിച്ചത്. വളരെ മികച്ച രാഷ്ട്രീയ പക്വതയാണ് രാഹുൽ ഗാന്ധി കാഴ്ചവെക്കുന്നത്. വൈകാരിക വിഷയങ്ങൾ ഏറ്റെടുക്കാനും ബി.ജെ.പിയെയും പ്രധാന മന്ത്രിയെയും നേരിട്ട് വെല്ലുവിളിക്കാനും അദ്ദേഹം കരുത്ത് കാട്ടുന്നു.
ദേശീയ തലത്തിൽ ഇൻഡ്യ മുന്നണിയെയും പ്രതിപക്ഷ കക്ഷികളെയും നയിക്കാൻ രാഹുലിന് കഴിയുമെന്ന് കരുതുന്നുണ്ടോ?
ഇൻഡ്യ േബ്ലാക്കിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് അദ്ദേഹം. സംഘാടന പരമായി മല്ലികാർജുൻ ഖാർഗെയെ അധ്യക്ഷനാക്കി ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തെ പ്രതിപക്ഷ നേതാവെന്ന നിലയിൽ വളരെ സജീവമായ പ്രവർത്തനം കാഴ്ചവെക്കുന്ന രാഹുൽ ഗാന്ധി, സുപ്രധാന വിഷയങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.
കെട്ടുറപ്പുള്ള മുന്നണിയെന്ന നിലക്ക് കരുത്തുകാട്ടാൻ ഇൻഡ്യ േബ്ലാക്കിനു മുന്നിൽ പ്രതിസന്ധികളുണ്ടോ?
ഇൻഡ്യ മുന്നണി വിജയകരമല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷേ, ചില വെല്ലുവിളികൾ മുന്നിലുണ്ടെന്നത് സത്യമാണ്. മുന്നണിയിലെ കക്ഷികൾ തമ്മിൽ പരസ്പര വിശ്വാസവും പൊരുത്തപ്പെട്ടു പോവാനുള്ള താൽപര്യവും അത്യന്താപേക്ഷിതമാണ്. നിർഭാഗ്യവശാൽ, ഹരിയാന, ഡൽഹി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഇത് പൂർണാർഥത്തിൽ പ്രാവർത്തികമായിട്ടില്ല. സീറ്റ് വിഭജനം വലിയൊരു പ്രശ്നമാണ്. ഒരുമിച്ചുമുന്നേറുന്ന മതേതര, ജനാധിപത്യ പാർട്ടികൾ ഇത് ഉൾക്കൊള്ളണം. ദുർബലരെന്ന് മുദ്രകുത്തി ആരെയും എഴുതിത്തള്ളരുത്. ബി.ജെ.പിയും നരേന്ദ്ര മോദിയും ഈ മുന്നണിയെ വല്ലാതെ ഭയക്കുന്നുണ്ടെന്നത് വ്യക്തമാണ്. ഇൻഡ്യ േബ്ലാക്കിനെ ‘ഇൻഡി’ എന്നു മാത്രം വിളിക്കുന്ന മോദിയുടെ മനോഭാവത്തിൽ തന്നെ അത് പ്രകടവുമാണ്.
ഇൻഡ്യ േബ്ലാക്കിനെ ശക്തിപ്പെടുത്താൻ സി.പി.ഐക്ക് മുന്നിലുള്ള പദ്ധതികൾ എന്തെല്ലാമാണ്?
ഇൻഡ്യ േബ്ലാക്ക് രൂപവത്കരിച്ചതു മുതൽ സി.പി.ഐ ആ കൂട്ടായ്മയുടെ ഭാഗമാണ്. പറ്റ്നയിൽ നടന്ന ആദ്യയോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ‘ബി.ജെ.പിയെ പരാജയപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക’ പൊതുപ്രമേയമാണ് അന്ന് പ്രഖ്യാപിച്ചത്. ഇൻഡ്യ േബ്ലാക്കിന്റെ ഐക്യവും അജണ്ടയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പാർപ്പിടം, തൊഴിൽ, ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് മുഖ്യ പരിഗണന നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം.
ഒരിക്കൽ പഞ്ചാബിലെ പ്രബല രാഷ്ട്രീയ ശക്തിയായിരുന്നു സി.പി.ഐ. സംസ്ഥാനത്ത് അത് ക്ഷയിച്ചതെങ്ങനെയാണ്? പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ എന്തൊക്കെ?
പഞ്ചാബിൽ കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.ഐ. പുരോഗമന, മതേതര ശക്തികളുടെ അനൈക്യമാണ് തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികളിലേക്ക് നയിച്ചത്. ബി.ജെ.പിയുടെയും മറ്റു പാർട്ടികളുടെയും വിഭാഗീയ തന്ത്രങ്ങൾ അതിന് ആക്കം കൂട്ടി. പഞ്ചാബിൽ ശക്തമായ സി.പി.ഐയുടെ ആവശ്യം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. അത് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലാണ്.
സി.പി.ഐയുടേയും മറ്റ് ഇടതുപാർട്ടികളുടേയും പ്രവർത്തകർ ആം ആദ്മി പാർട്ടിയിലേക്ക് കൂടുമാറിയോ?
എ.എ.പിയുമായി ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നല്ല ബന്ധത്തിലാണ് ഞങ്ങൾ. ഒന്നിച്ച് പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും നടത്തുന്നുണ്ട്. അതിനർഥം ഞങ്ങളുടെ അടിത്തറ പൂർണമായും അവരിലേക്ക് കൂറുമാറിയെന്നല്ല. എങ്കിലും, തങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ അവർ സി.പി.ഐ പ്രവർത്തകരെ ഉന്നമിടുന്നുവെന്നത് ശരിയാണ്.
രാഷ്ട്രീയമായും സാമ്പത്തികമായും രാജ്യം ഇപ്പോൾ ഏത് ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്?
ബി.ജെ.പി നയിക്കുന്ന സർക്കാർ രാജ്യത്തിന് വിനാശകരമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ്, ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് ഞങ്ങൾ പറയുന്നത്. ജനാധിപത്യം തകരാതെ കാക്കണമെന്നും സാമൂഹിക നീതിയും ഫെഡറലിസവും സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതും അതേകാരണത്താലാണ്. അതിന് ബി.ജെ.പിയെ അധികാരത്തിൽനിന്ന് തൂത്തെറിയണം. അല്ലെങ്കിൽ, എല്ലാവരും ഭയക്കുന്നതുപോലെ ഇന്ത്യ ഫാഷിസ്റ്റ് ഭരണത്തിലേക്ക് പോകും. അത് ഒരിക്കലും സംഭവിക്കാൻ പാടില്ല.
രാജ്യാന്തര വിഷയങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എന്തായിരിക്കുമെന്ന് മുൻകൂട്ടി കാണാനാവുന്നുണ്ടോ?
ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യക്ക് പ്രമുഖമായ സ്ഥാനമുണ്ട്. എന്നാൽ, ബി.ജെ.പി അധികാരത്തിൽ വന്നശേഷം, ദേശീയ സമവായത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ പരമ്പരാഗത വിദേശനയം അട്ടിമറിച്ചു. ഉദാഹരണത്തിന്, ഫലസ്തീൻ-ഇസ്രായേൽ സംഘർഷം. ഇസ്രായേലിന്റെ അതിക്രൂരമായ നടപടികൾക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല.
ഇന്നത്തെ ഇന്ത്യയിൽ മാർക്സിസം എന്താണ് അർഥമാക്കുന്നത്?
ഇന്ത്യയിലെ സാഹചര്യങ്ങൾക്കനുസൃതമായി മാർക്സിസത്തെ ചേർത്തുവെക്കുകയാണ് വേണ്ടത്. വർഗ വിഭജനവും ജാതി ശ്രേണിയും പോലെയുള്ള രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. സാമ്പത്തിക അവകാശങ്ങൾക്കായി പോരാടുന്നതിനൊപ്പം ജാതി വിവേചനത്തെയും സാമൂഹിക അനീതിയെയും ചെറുക്കണം. നിലവിലെ സാഹചര്യത്തിൽ, മാർക്സിസം എല്ലാത്തരം ചൂഷണത്തെയും വിഭജനത്തെയും ചെറുക്കുന്നതിനായാണ് ഉപയോഗിക്കേണ്ടത്.