എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ കേഡർമാർ എങ്ങോട്ട്; നേതൃത്വത്തിന് ആശങ്ക
text_fieldsമധുര: എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ കേഡർമാരെ പൂർണമായും പാർട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരുന്നതിലെ പാളിച്ചയിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന് ആശങ്ക. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എസ്.എഫ്.ഐ കാമ്പസുകളിൽ ശക്തമാണെങ്കിലും നിരന്തരമായി വിവാദങ്ങളിൽ പെടുന്നതടക്കം പങ്കുവെച്ചാണ് ആശങ്കകൾ ചൂണ്ടിക്കാട്ടുന്നത്.
വിദ്യാർഥി-യുവജന കേഡർമാരെ സമയബന്ധിതമായി പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ സംസ്ഥാന ഘടകങ്ങൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. വർഗ ബഹുജന സംഘടനകളുടെ വിലയിരുത്തൽ കാര്യക്ഷമമായി നടക്കാത്തത് പോരായ്മയാണ്. പാർട്ടി പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെടുത്താൻ എസ്.എഫ്.ഐക്ക് ലോക്കൽ കമ്മിറ്റികളടക്കം രൂപവത്കരിച്ചെങ്കിലും കമ്മിറ്റികൾ പലയിടത്തും പേരിന് മാത്രമാണുള്ളത്. എസ്.എഫ്.ഐയുടെ ചുമതല വഹിക്കുന്ന പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ട് ഓർമപ്പെടുത്തുന്നു.
പാർട്ടിയുടെ കാൻഡിഡേറ്റ് മെംബർമാരിൽ 22 ശതമാനം വരെയാണ് അംഗത്വത്തിലേക്ക് എത്തും മുമ്പുള്ള കൊഴിഞ്ഞുപോക്ക്. വിദ്യാർഥി, യുവജന രംഗത്ത് സജീവമായി പ്രവർത്തിച്ചവരാണ് കൊഴിഞ്ഞുപോക്കിലെ ഭൂരിപക്ഷം പേരും. ഇതിന് തടയിടാനാവണം. പാർട്ടിയുടെ ദൈനംദിനം പ്രവർത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം.
അവർക്ക് നിരന്തരം രാഷ്ട്രീയ വിദ്യാഭ്യാസവും ഹിന്ദുത്വ പ്രത്യയ ശാസ്ത്രവും പരിപാടിയും ഉൾപ്പെടുന്ന പാർട്ടി വിദ്യാഭ്യാസവും നൽകണം. പുതിയ തലമുറ രാഷ്ട്രീയത്തോടും തെരഞ്ഞെടുപ്പിനോടുമെല്ലാം വിമുഖത പുലർത്തുന്നത് കാണാതെ പോവരുത്. യുവതീ യുവാക്കളുടെ സമൂഹ മാധ്യമ ഉപയോഗത്തെ പാർട്ടി സംഘടനയുമായി ബന്ധപ്പെടുത്തണം. ഡി.വൈ.എഫ്.ഐ യൂനിറ്റുകളുടെ നിർജീവാവസ്ഥക്ക് മാറ്റമുണ്ടാക്കി പ്രാദേശിക വിഷയങ്ങളിൽ സമരങ്ങളേറ്റെടുക്കാൻ പ്രാപ്തരാക്കണമെന്നും റിപ്പോർട്ട് പറയുന്നു.