വിജയ് മന്ത്രിസഭയിലേക്കില്ല; ടി.വി.കെ ക്ഷണം ഇടതുപാർട്ടികൾ വീണ്ടും തള്ളി
text_fieldsചെന്നൈ: സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാറിൽ ചേരണമെന്ന ഭരണകക്ഷിയുടെ അഭ്യർഥന സി.പി.എമ്മും സി.പി.ഐയും വീണ്ടും തള്ളി. മന്ത്രിസഭയിൽ അംഗങ്ങളാകാതെ പുറത്തുനിന്ന് സർക്കാറിന് പിന്തുണ നൽകുന്നത് തുടരുമെന്ന് ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ വ്യക്തമാക്കി.
ടി.വി.കെയുടെ മുതിർന്ന മന്ത്രിമാരായ എൻ. ആനന്ദ്, ആധവ് അർജുന, സി.ടി.ആർ. നിർമൽ കുമാർ, എ. രാജ്മോഹൻ എന്നിവർ വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ടി.വി.കെ സഖ്യകക്ഷികളുടെ യോഗത്തിലേക്ക് ഇവരെ ക്ഷണിക്കുകയും സർക്കാറിൽ ചേരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
എന്നാൽ, സി.പി.എം-സി.പി.ഐ ഏകോപന സമിതി യോഗത്തിന് ശേഷം മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കുന്നതിനായാണ് ടി.വി.കെ സർക്കാറിന് പുറത്തുനിന്ന് പിന്തുണ നൽകുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ പറഞ്ഞു. സി.പി.ഐ, സി.പി.എം കക്ഷികൾക്ക് രണ്ട് എം.എൽ.എമാർ വീതമാണുള്ളത്.
അതേസമയം, ടി.വി.കെ സർക്കാറിന്റെ ആദ്യ നാല് മാസത്തെ പ്രവർത്തനങ്ങളെയും നിയമസഭയിലെ വിജയ്‌യുടെ പ്രസംഗങ്ങളെയും എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ പ്രശംസിച്ചു. ബുധനാഴ്ച നടക്കുന്ന യോഗത്തിൽ മുസ്‍ലിംലീഗ്, കോൺഗ്രസ്, വിടുതലൈ ശിറുതൈകൾ കക്ഷി, എം.ഡി.എം.കെ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുക്കും. ടി.വി.കെയുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെടുന്ന പുതിയ മുന്നണിയുടെ പേരും ഈ യോഗത്തിൽ പ്രഖ്യാപിക്കും.


