ഇന്‍ഷുറന്‍സ് മേഖലയിൽ നിർണായക ബജറ്റ്
text_fieldsന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപമെന്ന പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്. നിലവിലെ 74 ശതമാനത്തില്‍നിന്നാണ് 100 ശതമാനമാക്കി ഉയര്‍ത്തുന്നത്. ഇതോടെ രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ അന്താരാഷ്ട്ര ഇൻഷുറസ് കമ്പനികൾക്ക് സ്വതന്ത്രമായി സേവനങ്ങൾ ലഭ്യമാക്കാനാവും. വിദേശ നിക്ഷേപ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ കൂടുതല്‍ അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയിലെത്തും. ഇത് വിപണിയില്‍ പുതിയ മത്സരങ്ങള്‍ സൃഷ്ടിക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുമെന്നാണ് അവകാശവാദം. 2047ഓടെ രാജ്യത്ത് എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് നിക്ഷേപപരിധി ഉയർത്തുന്നതെന്നാണ് വിശദീകരണം. എന്നാൽ, സർക്കാർ നിലപാട് എൽ.ഐ.സിയടക്കം രാജ്യത്തെ പൊതുമേഖല ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് കടുത്ത വെല്ലുവിളിയായേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
● കൂടുതല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍, പുതിയ കമ്പനികളുടെ വരവോടെ കൂടുതല്‍ ആകര്‍ഷകമായ ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവ ലഭ്യമാകുമെന്നുമാണ് ബജറ്റിലെ പ്രതീക്ഷ.
● മത്സരം കൂടുന്നതോടെ പ്രീമിയം നിരക്കുകൾ കുറക്കേണ്ട സാഹചര്യത്തിലേക്ക് കമ്പനികൾ എത്തുമെന്നും കരുതപ്പെടുന്നു. കൂടുതൽ തൊഴിലവസരങ്ങളും ഇതിലൂടെ പ്രതീക്ഷിക്കുന്നു.
● ആരോഗ്യ ഇൻഷുറൻസ് മേഖലയിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ ഇൻഷുറൻസ് മേഖല
● ലൈഫ് ഇൻഷുറൻസ് കമ്പനികൾ: 26
● ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ: 7
● ജനറൽ ഇൻഷുറൻസ് കമ്പനികൾ: 32
● റീ ഇൻഷുറൻസ് കമ്പനികൾ: 12
വിദേശ നിക്ഷേപ പരിധി ഇതുവരെ
2014: 26 ശതമാനം
2015: 49 ശതമാനം
2021: 74 ശതമാനം
2025: 100 ശതമാനം
ഇൻഷുറൻസ് വ്യാപനം
2023-24 ആഗോളതലത്തിൽ ഇൻഷുറൻസ് വ്യാപനം ഏഴ് ശതമാനത്തിലെത്തിയപ്പോൾ ഇന്ത്യയിൽ അത് 3.7 ശതമാനമായി കുറഞ്ഞിരുന്നു. 2022-2023 സാമ്പത്തിക വർഷം രാജ്യത്ത് നാല് ശതമാനമായിരുന്നു ഇൻഷുറൻസ് വ്യാപനം.