ശുഐബ് അക്തറിന്റെയടക്കം 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ മുൻ ക്രിക്കറ്റർ ശുഐബ് അക്തറിന്റെ യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു. അക്‍തറിന്റെയടക്കം 16ഓളം പാക് യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ നിരോധനമുണ്ട്. ഡോൺ ന്യൂസ്, എ.ആർ.വൈ ന്യൂസ്, സമാ ടി.വി, ജിയോ ന്യൂസ് എന്നീ ചാനലുകളുടെ ഓൺലൈൻ സ്ട്രീമിങ്ങിനും വിലക്കുണ്ട്. ചില കായിക ചാനലുകളും നിരോധിച്ചിട്ടുണ്ട്. ഇന്ത്യവിരുദ്ധമായ റിപ്പോർട്ടിങ് പാടില്ലെന്ന് കാണിച്ച് ഇന്ത്യയിലെ ബി.ബി.സി മേധാവിക്ക് സർക്കാർ കത്തയച്ചിട്ടുമുണ്ട്.
ശുഐബ് അക്‍തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്.ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി.
ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവുകാരണം ഈ ഉള്ളടക്കം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിള്‍ ട്രാന്‍സ്പാരന്‍സി റിപ്പോര്‍ട്ട് സന്ദര്‍ശിക്കുക എന്നാണ് ഈ യുട്യൂബ് ചാനലുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്നത്.
ഏപ്രിൽ 22നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിനു പിന്നാലെ നടപടി കടുപ്പിച്ച ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കുകയും വാഗ-അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. സാർക് വിസ ഇളവും അവസാനിപ്പിച്ചു. സൈനിക നീക്കവും നടത്തിയേക്കുമെന്ന സൂചനകൾക്കിടെയാണ് ചൈന പാകിസ്താന് പിന്തുണ നൽകുന്ന പ്രസ്താവനയുമായി എത്തിയത്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കൈക്കൊണ്ട കടുത്ത നയതന്ത്ര നീക്കങ്ങൾക്ക് പിന്നാലെ സൈനിക നടപടിക്കുള്ള നീക്കങ്ങളിലാണ് ഇന്ത്യ. സൈനിക തിരിച്ചടി ഉണ്ടാകുമെന്നും അതിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും മുതിർന്ന സർക്കാർ ഉറവിടങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യൻ എസ്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഏതുതരത്തിലുള്ള ആക്രമണമാണ് നടത്തേണ്ടത് എന്ന കാര്യമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 2019 മുതൽ സൈനിക സന്നാഹങ്ങളും ആയുധങ്ങളും ആധുനിക വത്കരിക്കുന്ന നടപടിയിലായിരുന്നുവെന്നും രാജ്യത്തിനകത്ത് നിന്നുകൊണ്ട് തന്നെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ശേഷിയുണ്ടെന്നും ഉന്നതവൃത്തങ്ങൾ തുടർന്നു.