രാജ്യസഭ തെരഞ്ഞെടുപ്പിൽ ഫലം അട്ടിമറിച്ച് കൂറുമാറ്റം
text_fieldsന്യൂഡൽഹി: യു.പി, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വോട്ടെടുപ്പിൽ നടന്ന കൂറുമാറ്റം രാജ്യസഭ തെരഞ്ഞെടുപ്പുഫലം അട്ടിമറിച്ചു. യു.പിയിൽ ചീഫ് വിപ്പ് അടക്കം എട്ട് സമാജ്വാദി പാർട്ടി എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണച്ചു. ഹിമാചൽ പ്രദേശിൽ ആറു കോൺഗ്രസ് എം.എൽ.എമാരും മൂന്നു സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിയെ സഹായിച്ചു. കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് സിങ്‍വിക്കും ബി.ജെ.പിയുടെ ഹർഷ് മഹാജനും 34 വോട്ട് വീതമാണ് ലഭിച്ചത്.
നറുക്കെടുപ്പിലൂടെ മഹാജനെ വിജയിയായി പ്രഖ്യാപിച്ചു. അതേസമയം, കർണാടകയിൽ ബി.ജെ.പിയുടെയും സഖ്യകക്ഷിയായ ജനതാദൾ-എസിന്‍റെയും ഓരോ എം.എൽ.എമാരുടെ വോട്ട് കിട്ടിയത് കോൺഗ്രസ് സ്ഥാനാർഥിക്ക്.
യു.പിയിലെ പത്തും കർണാടകയിലെ നാലും ഹിമാചൽ പ്രദേശിലെ ഒന്നും രാജ്യസഭ സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. യു.പിയിൽ സമാജ്വാദി പാർട്ടിക്ക് മൂന്നും ബി.ജെ.പിക്ക് ഏഴും പേരെ എം.പിമാരാക്കാൻ കഴിയുമായിരുന്ന സാഹചര്യം, പഴയ സമാജ്വാദി പാർട്ടിക്കാരനും വ്യവസായിയുമായ സഞ്ജയ് സേഥിനെക്കൂടി ബി.ജെ.പി സ്ഥാനാർഥിയാക്കിയതോടെയാണ് കലങ്ങിയത്.
2022 നിയമസഭ തെരഞ്ഞെടുപ്പിൽ 68ൽ 40 സീറ്റും പിടിച്ച് ഹിമാചൽ പ്രദേശിൽ അധികാരത്തിൽവന്ന കോൺഗ്രസിന്‍റെ പാളയത്തിൽനിന്ന് ആറ് എം.എൽ.എമാരെയും ഇതുവരെ കോൺഗ്രസിനെ പിന്തുണച്ചുപോന്ന മൂന്നു സ്വതന്ത്രരെയും ചാക്കിട്ടുപിടിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. കർണാടകയിൽ ഒരു ബി.ജെ.പി എം.എൽ.എ മറുകണ്ടം ചാടിയതും മറ്റൊരാൾ എത്താതിരുന്നതും പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായി.
ഹൈകമാൻഡ് പ്രതിനിധി അഭിഷേക് സിങ്വിയുടെ ജയസാധ്യതകൾ അട്ടിമറിക്കുക മാത്രമല്ല, കോൺഗ്രസ് സർക്കാറിന്‍റെ നിലനിൽപ് അപകടത്തിലാക്കുകകൂടി ചെയ്യുന്ന സാഹചര്യമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായത്.
68 അംഗ നിയമസഭയിൽ മൂന്നു സ്വതന്ത്രരുടെ അടക്കം 43 പേരുടെ പിന്തുണയുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭ, ഒമ്പതുപേരുടെ കൂറുമാറ്റത്തോടെ അവിശ്വാസ പ്രമേയത്തെ നേരിടേണ്ട സ്ഥിതിയിലാണ്. 34-34 എന്ന നിലയിലാണ് ബി.ജെ.പി-കോൺഗ്രസ് അംഗബലം. കർണാടകയിൽനിന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, യു.പിയിൽനിന്ന് ജയ ബച്ചൻ എന്നിവർ ജയിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.