ദീപാവലിക്ക് മുന്നേ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; എ.ക്യു.ഐ 364ൽ, ഇനിയും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ദീപാവലിക്ക് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) പുറത്ത് വിട്ട കണക്കുകൾ പ്രകാരം ശനിയാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 364 ആണ്. ഇത് 'വളരെ മോശം' (301-400) വിഭാഗത്തിലാണ് വരുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം എ.ക്യു.ഐ 382 ആണ് രേഖപ്പെടുത്തിയത്. ഈ നിലയിൽ നിന്ന് മെച്ചപ്പെട്ടെങ്കിലും ഇന്ന് ഡൽഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളിൽ 18 ഇടങ്ങളിലും എ.ക്യു.ഐ 'ഗുരുതര' വിഭാഗത്തിലാണ്. ഐ.ഐടി ഡൽഹിയിൽ 443, പഞ്ചാബി ബാഗിൽ 433, നരേലയിൽ 409 എന്നിങ്ങനെ 'ഗുരുതര' വിഭാഗത്തിലാണ്. കന്റോൺമെന്റ് ഏരിയയിൽ 315, ധൗള കുവാനിൽ 318, ആനന്ദ് വിഹാറിൽ 272 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
അതേസമയം, മലിനീകരണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വായു മലിനീകരണം വഷളാകുന്ന സാഹചര്യത്തിൽ, അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഹൈബ്രിഡ് മോഡിൽ നടത്താൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നേരിട്ടോ ഓൺലൈനായോ ക്ലാസിൽ പങ്കെടുക്കാം. വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്കൂളുകൾക്കും എൻ.ഡി.എം.സി, എം.സി.ഡി, ഡൽഹി കന്റോൺമെന്റ് ബോർഡ് എന്നിവ നടത്തുന്ന സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ വായുമലിനീകരണത്തിൽ സുപ്രീംകോടതി ചീഫ് ആശങ്കയറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഡൽഹി-എൻ.സി.ആറിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു ഇത്. വായുമലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങളിൽനിന്നുള്ള പുകയും ഗതാഗതക്കുരുക്കുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വൈക്കോൽ കത്തിക്കലും മാലിന്യം കത്തിക്കലും ഉൾപ്പെടെയുള്ള മലിനീകരണ സ്രോതസ്സുകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും കോടതി എഴുത്തുപറഞ്ഞു. വെള്ളിയാഴ്ച കേസ് പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത് ഡൽഹിയിലെ കാലാവസ്ഥയെക്കുറിച്ച് നടത്തിയ പരിഹാസച്ചോദ്യവും ശ്രദ്ധേയമായിരുന്നു. ‘ഡൽഹിയിലെ കാലാവസ്ഥ നിങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.


