സോണിയയുടെ പൗരത്വം: ബി.ജെ.പിക്ക് കോടതിയിൽ തിരിച്ചടി, ഹരജി തള്ളി; ‘നിയമ സാധുതയില്ലാത്തതും തെളിവില്ലാത്തതുമായ കാര്യങ്ങൾ ഉന്നയിക്കുന്നു’
text_fieldsന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ചേർത്തുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് കോടതിയിൽ തിരിച്ചടി. 1983ൽ ഇന്ത്യൻ പൗരത്വം കിട്ടുന്നതിന് മൂന്നുവർഷം മുമ്പേ സോണിയ ഗാന്ധിയെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയെന്നാരോപിക്കുന്ന ഹരജി ഡൽഹി കോടതി തള്ളി.
നിയമപരമായ സാധുതയില്ലാത്തതും തെളിവില്ലാത്തതുമായ കാര്യങ്ങൾ ഉന്നയിക്കാനാണ് ഹരജിക്കാരൻ ശ്രമിക്കുന്നതെന്നും പൗരത്വം സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര സർക്കാറിന്റെ പരിധിയിൽ വരുന്നതാണെന്നും കോടതി വ്യക്തമാക്കി. സെൻട്രൽ ഡൽഹി കോടതി ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് വികാസ് ത്രിപാഠിയായിരുന്നു ഹരജിക്കാരൻ.
ബി.ജെ.പി ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആരുടെയും സോണിയ ഗാന്ധി കാലുപിടിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ തെളിവുകൾ സഹിതം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ സ്വമേധയാ ചേർത്തതാണെന്നും അതിന് കമീഷനാണ് ഉത്തരവാദിയെന്നും താരിഖ് അൻവർ പറഞ്ഞു. സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ സ്വയമേയാണ് തീരുമാനങ്ങൾ എടുക്കുക. എന്നാൽ, ഇന്ന് തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ ഭാഗമായി മാറിയിരിക്കുന്നു. അതിൽ നിന്ന് കമീഷൻ പുറത്തുവന്ന് സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും താരിഖ് അൻവർ ആവശ്യപ്പെട്ടു.
ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് ബി.ജെ.പി ഉന്നയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം പ്രതിരോധിക്കാനാണ് സോണിയ ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്.
ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മൂന്നു മാസം മുമ്പ് 1980ൽ വോട്ടർപട്ടികയിൽ പേര് ചേർത്തതെന്നാണ് ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്‍റെ ആരോപണം. ബി.ജെ.പി ഐ.ടി സെൽ ചീഫ് അമിത് മാളവ്യ എക്സ് പോസ്റ്റിൽ പങ്കുവെച്ച 1980ലെ പോളിങ് സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രറൽ റോളിന്‍റെ പകർപ്പാണ് ആരോപണത്തിന് താക്കൂർ ചൂണ്ടിക്കാട്ടിയത്.
സഫ്ദർ റോഡിലെ 145 നമ്പർ പോളിങ് സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രറൽ റോളിൽ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി എന്നിവരുടെ പേരുകൾക്കൊപ്പം സോണിയ ഗാന്ധിയുടെ പേരുള്ളതായി കാണാം. ആ സമയത്തും സോണിയ ഇറ്റാലിയൻ പൗരയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചത്.