നിരത്തിലെ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇനി മുതൽ ഇന്ധനം ലഭിക്കില്ല; നടപടി കർക്കശമാക്കാൻ ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി:കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം വിൽക്കുന്നത് രണ്ടാഴ്ചക്കകം നിർത്തലാക്കാൻ ഡൽഹി സർക്കാർ. കാലാവധി കഴിഞ്ഞ വാഹനങ്ങളെ നിരത്തിൽ നിന്നൊഴിവാക്കി വാഹനമലിനീകരണം തടയുമെന്ന് ഈ വർഷമാദ്യം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് പുതിയ തീരുമാനം.
നിലവിൽ നഗരത്തിലെ 500 ഇന്ധന സ്റ്റേഷനുകളിൽ 15 എണ്ണത്തിലാണ് നമ്പർ പ്ലേറ്റ് വഴി വാഹനങ്ങളുടെ കാലാവധി തിരിച്ചറിയുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമായ എ.എൻ.പി.ആർ ഉള്ളത്. സി.എൻ.ജി സ്റ്റേഷനുകളുൾപ്പെടെ 485 എണ്ണത്തിൽ ഇനിയും സംവിധാനം നടപ്പാക്കാനുണ്ട്. എല്ലായിടത്തും സ്ഥാപിച്ചു കഴിഞ്ഞാൽ നടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
എയർ ക്വാളിറ്റി മാനേജ്മെന്റ് കമീഷന്റെ അനുമതിയാണ് ഇനി ലഭിക്കേണ്ടത്. ഏപ്രിൽ ഒന്നിനാണ് നടപ്പാക്കാനിരുന്നതെങ്കിലും ട്രാക്കിങ് സംവിധാനം സ്ഥാപിക്കുന്നന പ്രവൃത്തികൾ പൂർത്തിയാക്കാത്തത് കാരണം വൈകുകയായിരുന്നു. എ.എൻ.പി.ആർ സംവിധാനത്തിൽ ഘടിപ്പിച്ചിട്ടുള്ള പരിവാഹൻ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള കാമറ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുകയും വാഹനത്തിന്റെ കാലാവധി കഴിഞ്ഞതാണോ എന്ന് കണ്ടെത്തുകയും ചെയ്യും. കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയാൽ പിന്നീട് അവയ്ക്ക് ഇന്ധനം ലഭിക്കില്ല. ഈ നിയമം ഡൽഹിയിലെ ഇന്ധനസ്റ്റേഷനുകളിലെത്തുന്ന ഏത് സംസ്ഥാനത്തെ വാഹനങ്ങൾക്കും ബാധകമാണ്.
2015ലെ ദേശീയ ഹരിത ട്രിബ്യൂണൽ നിയമപ്രകാരം15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ താഴെയുള്ള ഡീസൽ വാഹനങ്ങൾക്കും നിരത്തിലിറങ്ങാൻ അനുമതിയില്ല.