അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശങ്ങൾ നിയന്ത്രിച്ചത് ഭരണഘടനാപരമായി: സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടത് ഭരണഘടനാപരമായ നടപടികളിലൂടെയായിരുന്നുവെന്ന് സോണിയ ഗാന്ധി. 1975ലെ അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കവെ, അന്നത്തെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ദിരാഗാന്ധി പ്രയാസപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സോണിയയുടെ പ്രതികരണം.
21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടെന്നും ഹേബിയസ് കോർപ്പസ് ഉൾപ്പെടെയുള്ള അവകാശങ്ങൾ റദ്ദാക്കപ്പെട്ടെന്നും അവർ സമ്മതിച്ചു. എന്നാൽ, ഇതെല്ലാം ഭരണഘടനാപരമായ നടപടികളിലൂടെയായിരുന്നുവെന്നും സോണിയ പറഞ്ഞു.
അടിയന്തരാവസ്ഥ അവസാനിച്ച ശേഷമാണ് അന്ന് സംഭവിച്ച കാര്യങ്ങളുടെ ഗൗരവം തനിക്ക് മനസ്സിലായതെന്നും അവർ വ്യക്തമാക്കി. അന്നത്തെ സാഹചര്യങ്ങൾ ഇന്ദിരാഗാന്ധിയുടെ കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോൾ, അതിവേഗം വഷളായിക്കൊണ്ടിരുന്ന സ്ഥിതിഗതികൾ നേരിടാൻ അവർ പ്രയാസപ്പെട്ടിരുന്നതായി കാണാമെന്നും സോണിയ പറഞ്ഞു. അക്രമാസക്തമായ പ്രതിഷേധങ്ങൾ, സർക്കാർ ഓഫീസുകൾക്കും പൊതുഗതാഗത സംവിധാനങ്ങൾക്കും തീയിടൽ, വ്യാപകമായ സംഘടിത കലാപങ്ങൾ, ഉദ്യോഗസ്ഥരും സായുധസേനയും ഉത്തരവുകൾ അനുസരിക്കരുതെന്ന ആഹ്വാനം തുടങ്ങിയവ അന്ന് നിലനിന്നിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
പിന്നീട് കാര്യങ്ങൾ തിരിച്ചറിഞ്ഞ ഇന്ദിരാഗാന്ധി 1977 മാർച്ചിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്നും അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളിൽ പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിച്ച് മാപ്പുപറഞ്ഞെന്നും സോണിയ കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും വലിയ നാശമുണ്ടായെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. നിലവിലെ സർക്കാർ അധികാരമൊഴിഞ്ഞാലും ജനാധിപത്യ സംവിധാനങ്ങളെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സമയവും രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ പരിശ്രമവും വേണ്ടിവരുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ജനങ്ങൾ ഇപ്പോൾ ഈ നാശത്തിന്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും ശരിയായ ഭരണം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.


