ധർമസ്ഥല ബലാത്സംഗ കൊല: എസ്.ഐ.ടി തലവനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റി; പ്രണബ് കുമാർ മൊഹന്തിയെ കേന്ദ്രം അങ്ങ് എടുത്തു
text_fieldsമംഗളൂരു: ധർമസ്ഥല ബലാത്സംഗ കൊല വെളിപ്പെടുത്തൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്ഐടി) തലവൻ പ്രണബ് കുമാർ മൊഹന്തിയെ ചുമതലയിൽ നിന്ന് മാറ്റാൻ കേന്ദ്ര, സംസ്ഥാന സർക്കാർ ചടുല നീക്കം. ആഭ്യന്തര സുരക്ഷ ഡിജിപി സ്ഥാനത്ത് നിന്ന് മൊഹന്തിയെ മാറ്റി പകരം എഡിജിപി അരുൺ ചക്രവർത്തിക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ചു.
അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഇദ്ദേഹമാവും എസ്ഐടിയെ നയിക്കുക. നിഷ്പക്ഷ അന്വേഷണം സാധ്യമാവാൻ മൊഹന്തിയാവണം എസ്ഐടി അധ്യക്ഷൻ എന്ന വിരമിച്ച ജസ്റ്റിസിന്റേയും കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരന്റെ അഭിഭാഷകരുടേയും നിർദേശമായിരുന്നു സർക്കാർ പരിഗണിച്ചത്. എന്നാൽ, കേസ് അന്വേഷണം ശവക്കുഴികൾ തോണ്ടുന്ന ഘട്ടത്തിലെത്തിയതോടെ മൊഹന്തിയെ കേന്ദ്രം അങ്ങ് എടുത്തു.
പുതിയ ഡി.ജി.പി അരുൺ ചക്രവർത്തി കഴിഞ്ഞ മാർച്ച് 17ന് മകളോടൊപ്പം ഉഡുപ്പി ജില്ലയിലെ കൗപ് ശ്രീ മാരിയമ്മയുടെയും ഉച്ചങ്കി ദേവിയുടെയും അനുഗ്രഹം തേടി സന്ദർശനം നടത്തുന്നു (ഫയൽ ചിത്രം)
കേന്ദ്ര ഡെപ്യൂട്ടേഷന് 35 ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ കർണാടകയിൽ നിന്ന് ഡിജിപി പ്രണബ് കുമാർ മൊഹന്തിയെ മാത്രം ഉൾപ്പെടുത്തി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാലും മൊഹന്തിയെ എസ്ഐടി തലവൻ സ്ഥാനത്ത് നിലനിറുത്താനാവുമോ എന്ന കാര്യം ചർച്ച ചെയ്യും എന്ന് ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാൽ, അതിനോടകം മൊഹന്തിയെ കർണാടക സർവിസിൽ നിന്ന് മാറ്റി പകരം നിയമനം നടത്തി ഭരണ വിഭാഗം അണ്ടർ സെക്രട്ടറി കെ.വി. അശോക ഉത്തരവ് ഇറക്കിക്കഴിഞ്ഞു. ഇതിന്റെ പകർപ്പ് ക്രമ നമ്പർ പതിമൂന്നായി ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അയക്കുകയും ചെയ്തു.