‘ഡി.എം.കെ ഇപ്പോൾ സി.എം.സി, തമിഴ്നാട്ടിൽ മാറ്റം അനിവാര്യം’; ഡബിൾ എൻജിൻ സർക്കാർ വേണമെന്നും മോദി
text_fieldsനരേന്ദ്ര മോദി
ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഡി.എം.കെ ഇപ്പോൾ സി.എം.സി (കറപ്ഷൻ, മാഫിയ, ക്രൈം) സർക്കാർ ആണെന്നും ‘അഴിമതി, മാഫിയ, കുറ്റകൃത്യം’ എന്നിവയുടെ പര്യായമായി മാറിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഡി.എം.കെ സർക്കാറിന്റെ പതനം തുടങ്ങിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈക്കടുത്തുള്ള മധുരാന്തകത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.
തമിഴ്നാട്ടിലെ ജനങ്ങൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യ സർക്കാറിനെ ആഗ്രഹിക്കുന്നു. ഡി.എം.കെ സർക്കാറിൽ നിന്ന് തമിഴ്നാടിനെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് സഖ്യകക്ഷി നേതാക്കൾ കൈകോർത്തിരിക്കുന്നത്. തമിഴ്നാട്ടിൽ ജനാധിപത്യ ഭരണമല്ല, മറിച്ച് ഒരു കുടുംബത്തിന്റെ ഭരണമാണ് നടക്കുന്നത്. ക്രിമിനൽ കുറ്റകൃത്യങ്ങളും അഴിമതിയും മാഫിയാ സംഘങ്ങളുടെ അഴിഞ്ഞാട്ടവുമാണ് അരങ്ങേറുന്നത്. സംസ്ഥാനത്ത് വികസനം മുരടിച്ചു. സ്ത്രീകൾക്ക് സുരക്ഷയില്ല. ഡി.എം.കെക്കും മയക്കുമരുന്ന് സംഘങ്ങൾക്കും തമ്മിൽ ബന്ധമുണ്ട്. യു.പി.എ സർക്കാറിന്റെ കാലത്ത് തമിഴ്നാടിന് ആവശ്യമായ ഫണ്ട് അനുവദിച്ചിരുന്നില്ല.
തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും തന്റെ സർക്കാർ ശക്തമായ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞ 11 വർഷമായി തമിഴ്നാടിന്റെ വികസനത്തിനായി എൻ.ഡി.എ സർക്കാർ 11 ലക്ഷം കോടി രൂപ അനുവദിച്ചു. ഇത് യു.പി.എ സർക്കാർ അനുവദിച്ചതിന്റെ മൂന്നിരട്ടിയാണ്. എൻ.ഡി.എ സഖ്യം വിജയിച്ച് തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുന്നതിലൂടെ ഒരു ഇരട്ട എൻജിൻ സർക്കാറാണ് ഫലത്തിലുണ്ടാവുകയെന്നും അതിലൂടെ മികച്ച വികസനമായിരിക്കും കൈവരുകയെന്നും എൻ.ഡി.എ സഖ്യ സർക്കാറിന് മാത്രമേ മയക്കുമരുന്ന് രഹിത തമിഴകം സൃഷ്ടിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
‘ഡബ്ൾ എൻജിൻ’ അല്ല, ‘ഡബ്ബ എൻജിൻ’ -സ്റ്റാലിൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ‘ഡബ്ൾ എൻജിൻ’ അല്ലെന്നും അത് ‘ഡബ്ബ എൻജിൻ’ ആയിരിക്കുമെന്നും ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. കേന്ദ്രത്തിലും തമിഴ്നാട്ടിലും എൻ.ഡി.എ സർക്കാർ പ്രാബല്യത്തിലാവുന്നതോടെ ‘ഇരട്ട എൻജിൻ’ ഭരണമായിരിക്കും ഉണ്ടാവുകയെന്നും അതിലൂടെ തമിഴ്നാടിനെ വികസിതവും സുരക്ഷിതവും അഴിമതിരഹിതവുമായ സംസ്ഥാനമാക്കി മാറ്റുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് എക്സ് പേജിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


