Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്റ്റാലിനെ...

സ്റ്റാലിനെ അപമാനിച്ചെന്ന്; വിജയ്‌ക്കെതിരെ പ്രക്ഷോഭത്തിന് ഡി.എം.കെ

text_fields
bookmark_border
സ്റ്റാലിനെ അപമാനിച്ചെന്ന്; വിജയ്‌ക്കെതിരെ പ്രക്ഷോഭത്തിന് ഡി.എം.കെ
cancel

ചെന്നൈ: നിയമസഭയിൽ എം.കെ. സ്റ്റാലിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾക്കെതിരെ ഡി.എം.കെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സെപ്‌റ്റംബർ 12ന് രാവിലെ 10.30ന് എല്ലാ ജില്ല ആസ്ഥാനങ്ങളിലും ജില്ല സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും.

സ്റ്റാലിന്റെ മിസ കാലത്തെ ജയിൽവാസവും ത്യാഗവും മുഖ്യമന്ത്രി വിജയ് അപമാനിച്ചെന്ന് ഡി.എം.കെ വാർത്തക്കുറിപ്പിൽ ആരോപിച്ചു. വിവാഹം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുമ്പോൾ 23ാം വയസ്സിൽ അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം അറസ്റ്റിലായ സ്റ്റാലിൻ ഒരു വർഷത്തോളം ജയിൽവാസവും പീഡനവും അനുഭവിച്ചയാളാണ്.

ഇതിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു വിജയുടെ നിയമസഭാ പ്രസംഗം. സിനിമാ താരമെന്ന ജനപ്രീതിയും സമൂഹ മാധ്യമങ്ങളിലൂടെ സൃഷ്ടിച്ച പ്രതിച്ഛായയും ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് വിജയ് അധികാരത്തിലെത്തിയത്.

ഭൂരിപക്ഷമില്ലാത്ത ന്യൂനപക്ഷ സർക്കാറായതിനാൽ സഖ്യകക്ഷികളിൽനിന്നും പ്രതിപക്ഷ അംഗങ്ങളിൽനിന്നും പിന്തുണ ഉറപ്പാക്കാൻ മന്ത്രിസ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് ‘കുതിരക്കച്ചവടം’ നടത്തിയെന്നും ആരോപണമുണ്ട്. അധികാരത്തിലെത്തിയശേഷം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കിയില്ല.

സ്റ്റാലിൻ സർക്കാറിന്റെ പദ്ധതികൾ ഉപേക്ഷിക്കുകയും നടപ്പാക്കുന്ന പദ്ധതികൾക്ക് പേരുമാറ്റുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്ത് കൊലപാതകം, കവർച്ച, ലഹരിവസ്തുക്കളുടെ വ്യാപനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു. ടി.വി.കെ നേതാക്കൾ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ല.

ഭരണപരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വിജയ് നിയമസഭയെ ‘സിനിമ ഷൂട്ടിങ് വേദി’യാക്കുന്നത്. നിയമസഭയുടെ അന്തസ്സിനും പാരമ്പര്യത്തിനും ചരിത്രത്തിനും നിരക്കാത്തതാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും ഡി.എം.കെ വിമർശിച്ചു. പ്രതിഷേധത്തിൽ ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും പങ്കെടുക്കും.

Show Full Article
TAGS:Tamil Nadu TVK Vijay stalin dmk 
News Summary - DMK to protest against Vijay over Stalin remark
Next Story