മുന്ദ്ര വഴിയുള്ള മയക്കുമരുന്ന് കടത്ത്; പണം ഭീകര പ്രവർത്തനങ്ങൾക്ക്
text_fieldsന്യൂഡൽഹി: അദാനിയുടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 2988 കിലോ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പഹൽഗാം തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരരെന്ന് കരുതപ്പെടുന്ന ലശ്കറെ ത്വയ്യിബക്ക് ബന്ധമെന്ന് നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ).
ഇന്ത്യയിൽ ലഹരിവിറ്റ് കിട്ടിയ പണം ലശ്കർ ഭീകരപ്രവർത്തനങ്ങൾക്കുപയോഗിച്ചതായും എൻ.ഐ.എ സുപ്രീംകോടതിയിൽ പറഞ്ഞു. 2021 സെപ്റ്റംബറിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) മുന്ദ്ര തുറമുഖത്തുനിന്ന് 2988 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിൽനിന്നുമാണ് ഇതു അയച്ചിരുന്നത്.
ഭീകര പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനും യുവാക്കൾക്ക് മയക്കുമരുന്ന് നൽകി ഇന്ത്യയെ ദുർബലപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് എൻ.ഐ.എക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി. ലഹരിക്കടത്ത് നടത്തി ലഭിച്ച പണം ലശ്കറെ ത്വയ്യിബയുടെ (എൽ.ഇ.ടി) പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കേസിലെ പ്രധാന പ്രതിയായ ഡൽഹി സ്വദേശിയായ കബീർ തൽവാറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഐശ്വര്യ ഭാട്ടി വ്യക്തമാക്കി.
എൽ.ഇ.ടി അനുബന്ധ സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട് (ടി.ആർ.എഫ്) പ്രവർത്തകനായ ലതീഫ് റാത്തർ തന്നോട് വെളിപ്പെടുത്തിയിരുന്നതായി സാക്ഷിമൊഴിയും എൻ.ഐ.എ ചൂണ്ടിക്കാട്ടി. ലത്തീഫ് ഡൽഹി-ഹരിയാന അതിർത്തിയിൽനിന്ന് ലഹരിവിറ്റ് കിട്ടുന്ന പണം വാങ്ങാൻ ആളെ ഏർപ്പെടുത്തിയിരുന്നു.
ഈ പണം എൽ.ഇ.ടിയിൽ പുതുതായി എത്തുന്നവർക്ക് ആയുധങ്ങൾ വാങ്ങാൻ ഉപയോഗിച്ചെന്നും എൻ.ഐ.എ പറഞ്ഞു. എന്നാൽ, കേസിൽ തൽവാറിനെ ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എ. സുന്ദരം പറഞ്ഞു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം സുപ്രീംകോടതി കേസിൽ ഉത്തരവ് മാറ്റുകയായിരുന്നു.