Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎബോള ഭീതി! കനത്ത...

എബോള ഭീതി! കനത്ത ജാഗ്രതയിൽ രാജ്യം; ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു

text_fields
bookmark_border
എബോള ഭീതി! കനത്ത ജാഗ്രതയിൽ രാജ്യം; ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു
cancel

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര അവലോകന യോഗം ചേർന്നു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ മുഴുവൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറിമാർ പങ്കെടുത്തു. എബോള വൈറസ് രോഗവ്യാപനം തടയാനുള്ള തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. നിലവിൽ ഇന്ത്യയിൽ എബോള വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരെ കർശനമായ സ്ക്രീനിങ്ങിന് വിധേയരാക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെ പാർപ്പിക്കാൻ പ്രത്യേക ക്വാറന്റൈൻ, ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ആശുപത്രികളിൽ പ്രത്യേക വാർഡുകൾ, ലബോറട്ടറി പരിശോധനാ സൗകര്യങ്ങൾ, കൃത്യമായ ചികിത്സാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കണം.

2014-ൽ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോഴും ഇന്ത്യ സമാനമായ പ്രതിരോധ നടപടികൾ വിജയകരമായി നടപ്പാക്കിയിരുന്നു. അതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മേയ് 18 വരെയുള്ള വിവരങ്ങൾ പ്രകാരം കോംഗോയിലും ഉഗാണ്ടയിലുമായി 528 സംശയാസ്പദമായ എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 132 പേർ മരണപ്പെട്ടു. 'ബുണ്ടിബുഗ്യോ' എന്ന വൈറസ് വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്.

നിലവിൽ രോഗബാധിതരുമായി സമ്പർക്കത്തിലായ 668 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ കോംഗോയിലെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളും യാത്രാ വിലക്കുകളും കാരണം സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയാകുന്നുണ്ട്. ഉഗാണ്ടയിൽ റിപ്പോർട്ട് ചെയ്ത 12 സംശയാസ്പദമായ കേസുകളിൽ രണ്ട് പേർക്ക് ലബോറട്ടറി പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Show Full Article
TAGS:ebola Union Health Ministry Ebola virus Quaratine Global Health Emergency India healthnews 
News Summary - Ebola outbreak: Centre reviews preparedness as death toll crosses 100 in DR Congo, Uganda
Next Story