രാഹുലിന്റെ അലന്ദ് ആരോപണം ശരിവെച്ചോ? വോട്ടർ പട്ടികയിൽ തിരുത്തലുകൾക്ക് ഇ സൈൻ നിർബന്ധമാക്കി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെ നിർണായക പരിഷ്‍കാരങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കുള്ള അപേക്ഷകളിൽ ഇ സൈൻ നിർബന്ധമാക്കി. ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും ഇനിമുതൽ ആധാർ ബന്ധിത ഫോൺ നമ്പർ നിർബന്ധമാവും.
മുമ്പ്, വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഇത് അനധികൃത ഇടപെടലുകളും ക്രമക്കേടുകളും സംബന്ധിച്ച് വ്യാപക പരാതികൾക്ക് കാരണമായിരുന്നു.
ഓൺലൈൻ സൗകര്യം ഉപയോഗിച്ച് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തുന്നുവെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. 2023 നിയമസഭ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഇത്തരത്തിൽ 6018 വോട്ടുകള്‍ നീക്കം ചെയ്തതായായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. വിവിധ തെളിവുകളടക്കമായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ക്രമക്കേട് തടയാൻ ലക്ഷ്യമിട്ട് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നടപടി.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം ആറ് ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് എതിർക്കുന്നതിനും, പേര് നീക്കാനും ഫോം ഏഴിലാണ് അപേക്ഷിക്കേണ്ടത്. തിരുത്തൽ വരുത്തുന്നതിന് ഫോം എട്ടാണ് പൂരിപ്പിക്കേണ്ടത്. പുതിയ പരിഷ്‍കാരമനുസരിച്ച് ഈ ഫോമുകൾ പൂരിപ്പിക്കുമ്പോൾ ഇനിമുതൽ ആധാർ അധിഷ്ഠിത ഇ സൈൻ പ്രക്രിയ നിർബന്ധമാവും. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവു.


