പഞ്ചാബിൽ ഇ.ഡി റെയ്ഡ്; മുഖ്യമന്ത്രിയുടെ സ്പെഷൽ ഓഫിസറുടെ ഓഫിസുകളിലും പരിശോധന
text_fieldsചണ്ഡിഗഢ്: പഞ്ചാബിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി, മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും സ്പെഷൽ ഡ്യൂട്ടി ഓഫിസറുമായ രാജ്ബിർ ഗുമാൻ ഉൾപ്പെടെ പ്രമുഖരുടെ വീടുകളിലും ഓഫിസുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. 2027ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ, ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂടുമാറിയതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് രാഷ്ട്രീയ സമ്മർദങ്ങളുമായി ഇ.ഡി റെയ്ഡ്.
ഭൂമി തട്ടിപ്പ്, കള്ളപ്പണം ഉൾപ്പെടെ വിവിധ കേസുകളിലാണ് പഞ്ചാബിലും ചണ്ഡിഗഢിലുമായി മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഒ.എസ്.ഡി രജ്ബിർ ഗുമാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. മൊഹാലിയിലെയും ചണ്ഡിഗഢിലെയും ഒരു ഡസനോളം സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. ഗ്രേറ്റർ മൊഹാലി വികസന അതോറിറ്റിയിൽ ഫീസ് അടക്കുന്നതിൽ വീഴ്ച വരുത്തിയ കെട്ടിട നിർമാതാക്കൾക്ക് രാഷ്ട്രീയ സംരക്ഷണം മുതൽ അനധികൃത ഭൂമി തരംമാറ്റൽ ഉൾപ്പെടെ വിവിധ കേസുകളാണ് ചുമത്തിയത്. ഇത്തരത്തിൽ നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയതായും ആരോപിക്കുന്നു.
അതിനിടെ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഐ.ടി പ്രഫഷനൽ നിതിൻ ഹോഗലിന്റെ മൊഹാലിയിലെ ഫ്ലാറ്റിൽ റെയ്ഡ് നടക്കുന്നതിനിടെ രണ്ട് ബാഗുകളിലായി നോട്ടുകെട്ടുകൾ താഴേക്ക് വലിച്ചെറിഞ്ഞതായും റിപ്പോർട്ടുണ്ട്. ബാഗ് കണ്ടെടുത്ത ഇ.ഡി ഉദ്യോഗസ്ഥർ കെട്ടിടത്തിൽ മണിക്കൂറുകളോളം റെയ്ഡ് തുടർന്നു. ഏതാനും ദിവസം മുമ്പാണ് രാഘവ് ഛദ്ദ ഉൾപ്പെടെ എ.എ.പി എം.പിമാർ ബി.ജെ.പിയിലേക്ക് കൂടുമാറിയത്. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിനായി ബി.ജെ.പി നിലമൊരുക്കുന്നതിന്റെ ഭാഗമാണ് റെയ്ഡ് നാടകമെന്നും വിമർശനമുണ്ട്.


