തമിഴ്നാട് മന്ത്രി കെ.എൻ.നെഹ്റുവിന്റെയും ബന്ധുക്കളുടെയും വസതികളിൽ ഇ.ഡി റെയ്ഡ്
text_fieldsചെന്നൈ: തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രിയും ഡി.എം.കെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എൻ. നെഹ്റുവിന്റെയും കുടുംബാംഗങ്ങളുടെയും തിരുച്ചി തില്ലൈ നഗറിലെ വസതി ഉൾപ്പെടെ സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. നെഹ്റുവിന്റെ സഹോദരന്മാരായ അന്തരിച്ച രാമജയം, രവിചന്ദ്രൻ, മണിവണ്ണൻ എന്നിവരുടെയും മകനും പെരമ്പലുർ ലോക്സഭാംഗവുമായ അരുൺ നെഹ്റുവിന്റെയും ചെന്നൈയിലും തിരുച്ചിയിലുമുള്ള വീടുകളിലും അവരുടെ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ ഡൽഹിയിൽനിന്നെത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. കേന്ദ്ര വ്യവസായ സുരക്ഷ സേനാംഗങ്ങളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. നെഹ്റു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ട്രൂ വാല്യൂ ഹോംസുമായി (ടി.വി.എച്ച്) ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. നെഹ്റുവിന്റെ സഹോദരൻ കെ.എൻ. രവിചന്ദ്രൻ ‘ട്രൂഡം ഇ.പി.സി ലിമിറ്റഡി’ന്റെ ഡയറക്ടറാണ്. രവിചന്ദ്രൻ നടത്തുന്ന മറ്റൊരു വ്യവസായ സംരംഭത്തിനെതിരെ 22 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസും നിലനിൽക്കുന്നുണ്ട്. 2018ൽ നെഹ്റുവിന്റെ വസതികളിലും മറ്റും ആദായനികുതി റെയ്ഡ് നടന്നിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് മന്ത്രി കെ.എൻ. നെഹ്റു നിയമസഭയിലായിരുന്നു. പരിശോധന നടക്കുന്ന കേന്ദ്രങ്ങളിൽ ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടി.