ഇരട്ട വോട്ടിൽ പ്രശാന്ത് കിഷോറിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമീഷൻ; തന്റെ വീഴ്ചയല്ല, കമീഷന്റെ പിഴവെന്ന് പ്രശാന്ത്
text_fieldsന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് കണ്ടെത്തിയ സംഭവത്തിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയും വോട്ടെടുപ്പ് നയതന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനോട് വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. മൂന്നുദിവസത്തിനകം മറുപടി നൽകണമെന്ന് കമീഷൻ പ്രശാന്തിന് നൽകിയ നോട്ടീസിൽ പറഞ്ഞു.
ബിഹാറിലെ കാർഗഹാർ അസംബ്ളി മണ്ഡലം റിട്ടേണിങ് ഓഫീസറാണ് നോട്ടീസ് നൽകിയത്. കിഷോറിന്റെ പേര് മണ്ഡലത്തിലെ വോട്ടർപട്ടികയുടെ പാർട്ട് 367ലും പശ്ചിമ ബംഗാളിലെ ബബാനിപൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിലും കണ്ടെത്തിയതായി കമീഷൻ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നിയമസഭാ മണ്ഡലമായ ഭബാനിപൂരിലെ തൃണമൂൽ കോൺഗ്രസ് ഓഫിസ് സ്ഥിതി ചെയ്യുന്ന ‘121 കാളിഘട്ട് റോഡ്’ എന്നാണ് ബംഗാളിലെ പട്ടികയിൽ അദ്ദേഹത്തിന്റെ വിലാസം. ബി റാണിശങ്കരി ലെയ്‌നിലെ സെന്റ് ഹെലൻ സ്‌കൂൾ ആണ് പോളിങ് സ്റ്റേഷൻ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഷോർ തൃണമൂലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.
നേരത്തെ, ബിഹാറിലെയും പശ്ചിമ ബംഗാളിലെയും വോട്ടർപട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് അംഗീകരിച്ച പ്രശാന്ത് കിഷോർ ഇത് തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ പിഴവാണെന്നും ആരോപിച്ചിരുന്നു. ജൻസുരാജ് പാർട്ടിയുടെ ടിക്കറ്റിലാണ് പ്രശാന്ത് കിഷോർ ജനവിധി തേടുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ ഇക്കുറി ജൻസുരാജ് പാർട്ടിക്ക് സ്ഥാനാർഥികളുണ്ട്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 17 പ്രകാരം, ഒന്നിലധികം നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുചേർക്കുന്നത് വിലക്കിയിട്ടുണ്ട്. ഒരേ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വോട്ടർ ഒന്നിലധികം തവണ ചേർക്കുന്നത് നിയമത്തിലെ സെക്ഷൻ 18 വിലക്കുന്നു. താമസസ്ഥലം മാറ്റുന്നതിനോ പിശകുകൾ തിരുത്തുന്നതിനോ ഉള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ‘ഫോം 8’ പൂരിപ്പിച്ച് വോട്ടർക്ക് അവരുടെ എൻറോൾമെന്റ് മാറ്റാൻ കഴിയും.
അമേസമയം, ഒന്നിലധികം വോട്ടർപട്ടികയിൽ ആളുകൾ പേരുചേർക്കുന്നത് അപൂർവ സംഭവമല്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം നടത്താനുള്ള ഒരു കാരണമായി തെരഞ്ഞെടുപ്പ് കമീഷൻ ഇതിനെ ഉദ്ധരിച്ചിട്ടുണ്ട്. ‘ചില വോട്ടർമാർ ഒരു സ്ഥലത്ത് പട്ടികയിൽ പേരുചേർക്കുന്നു, പിന്നീട് താമസസ്ഥലം മാറുമ്പോൾ ആദ്യം താമസിച്ചിരുന്ന സ്ഥലത്തെ പട്ടികയിൽ നിന്ന് പേര് നീക്കാതെ പുതിയ സ്ഥലത്തും രജിസ്റ്റർ ചെയ്യുന്നു. ഇത് വോട്ടർ പട്ടികയിൽ ആവർത്തിച്ചുള്ള എൻട്രികൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു’വെന്ന് ജൂൺ 24 ലെ എസ്.ഐ.ആറിനായുള്ള ഉത്തരവിൽ കമീഷൻ പറഞ്ഞിരുന്നു.


