തമിഴ്നാട്ടിലും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി മൂന്നുദിവസം കഴിഞ്ഞിട്ടും പോളിങ് കണക്കുകൾ പ്രസിദ്ധീകരിക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ. അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
വോട്ടെടുപ്പാനന്തരം ഏറ്റവും ഒടുവിൽ പുറത്തുവിട്ട പോളിങ് ശതമാനം 85.15 ആയിരുന്നു. എന്നാലിപ്പോൾ ഇത് 85.10 ശതമാനമായാണ് കമീഷൻ പ്രസിദ്ധീകരിച്ചത്. പോൾ ചെയ്തതിൽ 28,672 വോട്ടുകൾ കുറച്ചതാണ് ഇതിന് കാരണമായി പറയുന്നത്. 5,73,43,291 വോട്ടർമാരിൽ 4,87,99,141 വോട്ടുകൾ പോൾ ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ഏപ്രിൽ 23ന് ആറു മണിക്ക് വോട്ടെടുപ്പ് പൂർത്തിയായതിനുശേഷം ഏഴ് മണി മുതൽ ഓരോ 20 മിനിറ്റിലും പോളിങ് ശതമാനം മാറി, രാത്രി വൈകി 85.15 ശതമാനത്തിലെത്തി. ഇതിൽനിന്നാണിപ്പോൾ 0.5 ശതമാനം കുറച്ചത്.
ഇതും അന്തിമമല്ലെന്നാണ് കമീഷൻ വ്യക്തമാക്കുന്നത്. ഇതിനിടെ ചെന്നൈയിലെ 16 നിയമസഭ മണ്ഡലങ്ങളിൽ 72,000ത്തോളം വോട്ടുകൾ കൂടി ഉൾപ്പെടുത്തിയതിനാൽ ചെന്നൈ ജില്ലയുടെ വോട്ടിങ് ശതമാനം 83.7ൽനിന്ന് 86.2 ആയി ഉയർന്നതായും കമീഷൻ വിശദീകരിക്കുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്ന 75,064 ബൂത്തുകളിൽ ഒരിടത്തും റീപോളിങ് ആവശ്യമില്ലെന്നും കമീഷൻ അറിയിച്ചു.


