തമിഴ്നാട് ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
text_fieldsചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറുമായ ചക്രവർത്തിയാണ് ഈ പ്രഖ്യാപനം നടത്തിയത്. മത്സരിക്കാൻ താൽപര്യമുള്ളവർക്ക് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ നാലുവരെ നിർദിഷ്ട ഫോറത്തിൽ അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അപേക്ഷ നൽകുന്നവർക്ക് കുറഞ്ഞത് 10 വർഷം പാർട്ടി അടിസ്ഥാന അംഗമായിരിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും നൈനാർ നാഗേന്ദ്രൻ എം.എൽ.എക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയേക്കും. അതിനിടെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് താൻ അപേക്ഷ സമർപ്പിക്കില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി. തെക്കൻ തമിഴകത്തുനിന്നുള്ള തിരുനൽവേലി എം.എൽ.എ നൈനാർ നാഗേന്ദ്രനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. തമിഴ്നാട് നിയമസഭ കക്ഷി നേതാവ് കൂടിയാണ് ഇദ്ദേഹം.